അരി,​ വെളിച്ചെണ്ണ വിലവർദ്ധന: ബിരിയാണിച്ചെമ്പ് പൊള്ളും

Thursday 14 August 2025 1:39 AM IST

ആലപ്പുഴ: വെളിച്ചെണ്ണയ്‌ക്കൊപ്പം അരിവിലയും കുതിച്ചുയർന്നതോടെ ബിരിയാണിച്ചെമ്പിന് തീപിടിച്ച അവസ്ഥയാണ്. ഒരുമാസത്തിനിടെ ഇരട്ടിയിലധികം വില വർദ്ധനയാണ് ബിരിയാണി അരിക്ക് ഉണ്ടായിരിക്കുന്നത്. 100 രൂപയുണ്ടായിരുന്ന ഒരുകിലോ കൈമ അരിക്ക് ഇപ്പോൾ 200 മുതൽ 240 രൂപ വരെ കൊടുക്കണം. ഇതോടെ താരതമ്യേന വിലക്കുറവുണ്ടായിരുന്ന കോലക്കും ബസുമതിക്കും ഡിമാൻഡും ഒപ്പം ചെറിയ രീതിയിൽ വിലയും കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വിവിധ ബ്രാൻഡുകൾ അനുസരിച്ച് വില കൂടിയത്. ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന ബിരിയാണി അരികൾക്ക് 85 നിന്ന് 165 രൂപയായി വ‌ർദ്ധിച്ചു.

വെളിച്ചെണ്ണയ്ക്കും അരിക്കും വില കൂടിയെങ്കിലും ബിരിയാണിക്ക് വില കൂട്ടാൻ പറ്റാത്ത അവസ്ഥയിലാണ് വ്യാപാരികൾക്ക്. വിലകൂട്ടിയാൽ ഹോട്ടലിൽ എത്തുന്നവരുടെ എണ്ണം കുറയുമോ എന്ന ആശങ്ക അവർക്കുണ്ട്. ചെറുകിട കച്ചവടക്കാ‌ർക്ക് 2000 മുതൽ 3000 വരെയും അല്ലാത്തവ‌ർക്ക് 10000 രൂപ വരെയും വിലവർദ്ധന കാരണം ദിവസേന അധിക ചെലലവ് വരുന്നുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ബിരിയാണിക്ക് വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് വിലവർദ്ധന കാര്യമായി ബാധിക്കാൻ തുടങ്ങിയതെന്ന് ഹോട്ടലുകാർ പറയുന്നു.

അരിവരവ് കുറഞ്ഞത് തിരിച്ചടി

1. പശ്ചിമബംഗാളിൽ നിന്നാണ് ബിരിയാണി അരി മുഖ്യമായി കേരളത്തിലെത്തുന്നത്. കാലാവസ്ഥ വ്യതിയാനം കാരണം ഇവിടെ ഉത്പാദനം കുറഞ്ഞു. കഴിഞ്ഞ സീസണിൽ മഴ കാരണം വിത്തിറക്കാൻ പോലും സാധിച്ചില്ല. ഇതോടെ അരിവരവ് കുറയുകയും ഡിമാൻഡ് കൂടുകയും ചെയ്തു

2.കയറ്റുമതി കൂടിയതും വൻകിടക്കാർ വൻതോതിൽ അരി ശേഖരിച്ചുവച്ചതും വിലവർദ്ധനയ്ക്ക് കാരണമായതായി വ്യാപാരികൾ പറയുന്നു. വിളവെടുത്ത അരി രണ്ടുവർഷത്തോളം സൂക്ഷിച്ചു വച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാർത്ഥ രുചി ലഭിക്കുക

3. ഉത്പാദനം കുറയുകയും ഡിമാൻഡ് വർദ്ധിക്കുകയും ചെയ്തതോടെ വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിലെത്തിക്കുന്നതിലൂടെ ഗുണനിലവാരത്തെയും അതിലൂടെ സ്വാദിനെയും ബാധിക്കുമെന്ന ആശങ്കയും ഹോട്ടലുകൾക്കുണ്ട്

ബിരിയാണി:

160- 300 രൂപ

അരി (കിലേയ്ക്ക്)​:

200- 240രൂപ

ബിരിയാണി സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം. അരിയുടെയും വെളിച്ചെണ്ണയുടെയും വില വ‌ർദ്ധന ഓണക്കച്ചവടത്തെ പ്രതിസന്ധിയിലാക്കും

-ജി. ജയപാൽ,​ ജനറൽ സെക്രട്ടറി,​കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.