തലൈവർ എൻട്രിക്ക് 50 വയസ്  രജനികാന്തിന് ആശംസകളുമായി താരങ്ങൾ

Wednesday 13 August 2025 10:43 PM IST

തിരുവനന്തപുരം: ആക്ഷൻ സൂപ്പർ സ്റ്റാർ രജനികാന്ത് പ്രേക്ഷക ഹൃദയത്തിൽ ഇരുപ്പുറപ്പിച്ചിട്ട് അമ്പതാണ്ട്. കെ. ബാലചന്ദർ സംവിധാനം ചെയ്ത 'അപൂർവ രാഗങ്ങളിലൂടെ" പാണ്ഡ്യൻ എന്ന വില്ലനായാണ് രജനിയുടെ തുടക്കം. അഭിനയ ജീവിതത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുമ്പോൾ ഇന്ത്യൻ സിനിമ ഭരിക്കുന്ന സൂപ്പർ സ്റ്റാറായത് ചരിത്രം.

കമലഹാസനായിരുന്നു 'അപൂർവ രാഗങ്ങളിലെ" നായകൻ. 1975 മാർച്ച് 27നാണ് അഡയാറിലെ ഒരു ബംഗ്ലാവിൽ രജനിയുടെ എൻട്രി ഷൂട്ട് ചെയ്തത്. ആഗസ്റ്റ് 15ന് സിനിമ റിലീസ് ചെയ്തു. 2007ൽ 'ശിവാജി"ക്ക് 26 കോടി രൂപ കൈപ്പറ്റി

ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനെന്ന പേരും രജനി സ്വന്തമാക്കി. ഇപ്പോഴത് 200 കോടിക്ക് മുകളിലാണ്.

2017ൽ രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ തമിഴകത്താകെ 'തലൈവാ..." വിളി മുഴങ്ങി. കൊവിഡാനന്തരം രജനി തീരുമാനം മാറ്റി. ദാദാ സാഹെബ് ഫാ‍ൽകെ അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങളും രജനിയെ തേടിയെത്തി.

 ഓർമ്മിപ്പിച്ചത് കമലഹാസൻ

കമലഹാസൻ ഇന്നലെ രജനിക്ക് ആശംസ നേർന്നപ്പോഴാണ് അദ്ദേഹം സിനിമയിൽ അമ്പതുവർഷം പിന്നിട്ടത് മറ്റുള്ളവർ ശ്രദ്ധിച്ചത്. പിന്നീട് ആശംസാവർഷമായിരുന്നു. മലയാളത്തിൽ നിന്ന് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ ആശംസകൾ അറിയിച്ചു. അഭിനയത്തിന്റെ സുവർണ ജൂബിലി തിളക്കത്തിനിടെ രജനിയുടെ പുതിയ ചിത്രം 'കൂലി" ഇന്ന് തിയേറ്ററുകളിൽ എത്തും. ടിക്കറ്ര് ബുക്കിംഗിൽ 100 കോടി രൂപ കടന്ന സിനിമ ആദ്യ ദിനം 150 കോടി പിന്നിടുമെന്നാണ് കരുതുന്നത്. സിനിമകാണാൻ സിംഗപ്പൂരിലെ കമ്പനികളെല്ലാം തമിഴ്നാട്ടുകാർക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.