തുടർച്ചയായ വെള്ളപ്പൊക്കം, നാടുവി​ട്ട് കുട്ടനാട്ടുകാർ

Wednesday 13 August 2025 10:44 PM IST

കുട്ടനാട് : തുടർച്ചയായ വെള്ളപ്പൊക്കം കുട്ടനാടിന്റെ ആവാസവ്യവസ്ഥയെ തകർത്തതായി വിദഗ്ദ്ധാഭിപ്രായം. 2018ലെ പ്രളയത്തിന് ശേഷം ഒരുവർഷത്തിൽ തന്നെ നിരവധി പ്രാവശ്യം വെള്ളപ്പൊക്കം ഉണ്ടായതിനാൽ മിക്കപ്രദേശങ്ങളും മാസങ്ങളോളം വെള്ളത്തിലാകുന്ന സ്ഥി​തി​യുണ്ടായി​. ഇത് കുട്ടനാടിന്റെ ഭൂനിരപ്പ് താഴാൻ കാരണമായതായിട്ടാണ് വിലയിരുത്തൽ. കരകൃഷിക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ് നി​ലവി​ൽ.

എത്ര ഉയർത്തി നിർമ്മിച്ചിട്ടും വീടും പരിസരവും തൊട്ടടുത്തവർഷം വെള്ളത്തിലാകുന്ന പ്രത്യേക സ്ഥിതിവിശേഷത്തിലൂടെയാണ് കുട്ടനാട് കടന്നുപോകുന്നത്. അതിനാൽ,​ വീടുകളും ടോയ്ലറ്റുകളും ഓരോ വർഷവും പുതുക്കിപ്പണിയുന്നതിന് പുറമേ മറ്റ് ജീവിതസാമഗ്രികൾക്കും പണം കണ്ടെത്തേണ്ട അവസ്ഥയിലാണ് നാട്ടുകാർ.

തുടർച്ചയായ വെള്ളപ്പൊക്കം കാരണം മാസങ്ങളോളം നഗരത്തിലെ ബന്ധുവീടുകളെ ആശ്രയിച്ച് കഴിയേണ്ടിവരുന്നത് പലരെയും നാടുവിട്ടു പോകാൻ പോലും പ്രേരിപ്പിക്കുന്നുണ്ട്. ഓരോവർഷവും ഒരു വാർഡിൽ നിന്ന് കുറഞ്ഞത് 10കുടുംബങ്ങളെങ്കിലും ഇത്തരത്തിൽ താമസം മാറിപ്പോകുന്നുണ്ട്.

പ്രത്യേക കുട്ടനാട് പാക്കേജ് വേണം

1. കാർഷികമേഖലയെ ഹൈടെക്കാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക കുട്ടനാട് പാക്കേജ് അനുവദിക്കണമെന്ന് ആവശ്യമുയരുന്നു

2. ഫാം ടൂറിസം നടപ്പാക്കുക, പാടശേഖരങ്ങളുടെ പെട്ടിയുംപറയ്ക്കും പകരം വെർട്ടിക്കൽ ഫ്ലോ പമ്പ് സൗജന്യമായി നല്കുക

3. എല്ലാ പാടശേഖരങ്ങളിലും രണ്ടാം കൃഷി നടത്താൻ പാകത്തിൽ പുറം ബബണ്ടുകൾ വീതികൂട്ടി ട്രാക്ടർ റോഡാക്കണം

4. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് സമാന്തരമായുള്ള പി.ഡബ്്‌ള്യുഡി റോഡുകൾ ഉയർത്തി നിർമ്മിക്കണം