സർവീസ് റോഡിൽ കിടന്ന് കുരുങ്ങുന്നതിനും തിരുവല്ലത്ത് ടോൾ
തിരുവനന്തപുരം: അടച്ചിട്ടിരിക്കുന്ന ബൈപ്പാസ്, ഗതാഗതക്കുരുക്കിലമരുന്ന സർവീസ് റോഡുകൾ...എന്നിട്ടും ടോൾ പിരിവിന് മാത്രം ഒരു കുറവുമില്ല. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ടോൾ ഈടാക്കുന്ന തിരുവല്ലം ടോൾ ബൂത്തിൽ ഇപ്പോഴും കൊള്ള തുടരുകയാണ്.ഈഞ്ചയ്ക്കൽ,കുമരിച്ചന്ത ഫ്ലൈഓവറുകളുടെ നിർമ്മാണത്തിന്റെ പേരിലാണ് ബൈപ്പാസ് രണ്ടിടത്തും അടച്ചിട്ടിരിക്കുന്നത്.
ഇടപ്പള്ളി – മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയത് ചൂണ്ടിക്കാണിച്ചാണ് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.ഈ ഉത്തരവ് ചൂണ്ടിക്കാണിച്ചെങ്കിലും തിരുവല്ലത്തെ ടോൾപിരിവ് തടയണമെന്നാണ് വാഹനയുടമകൾ ഉയർത്തുന്ന ആവശ്യം.
ഇപ്പോഴത്തെ ടോൾ പിരിവ് കൊള്ളയാണെന്ന് ഈ പാതയിലൂടെ കടന്നുപോകുന്നവർക്ക് ബോദ്ധ്യമാകും. കഴക്കൂട്ടത്ത് നിന്നും കോവളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാക്ക കഴിയുമ്പോൾത്തന്നെ സർവീസ് റോഡിലേക്ക് കടക്കേണ്ടിവരും. രാവിലെയും വൈകിട്ടും വാഹനങ്ങൾ കുരുങ്ങിക്കിടക്കും. ഈഞ്ചയ്ക്കൽ എത്തുമ്പോൾ,പടിഞ്ഞാറെക്കോട്ടയിൽ നിന്നെത്തുന്ന വാഹനങ്ങൾ കൂടിയാകുമ്പോൾ കുരുക്ക് ഇരട്ടിയാകും.
മുട്ടത്തറയ്ക്കു സമീപം ബൈപ്പാസിലേക്ക് കടക്കാമെങ്കിലും അരക്കിലോമീറ്റർ കഴിയുമ്പോഴേക്കും വീണ്ടും സർവീസ് റോഡിലേക്കു തന്നെ പ്രവേശിക്കണം. കുമരിച്ചന്ത കഴിഞ്ഞാൽ യാത്ര കൂടുതൽ ദുഷ്കരമാകും. ഇവിടെ സർവീസ് റോഡാകെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. അടുത്തത് തിരുവല്ലം പാലമാണ്. അത് പൊതുമരാമത്ത് വകുപ്പ് നേരത്തെ പണിതതാണ്. അതിലൂടെ കടന്ന് ഒരു കിലോമീറ്റർ പിന്നിടുമ്പോഴേക്കും കൊടുക്കണം ടോൾ. കാറിന് ഒരു വശത്തേക്ക് മാത്രം പോകാൻ 160 രൂപ. ഫാസ് ടാഗില്ലെങ്കിൽ 320 രൂപ ഈടാക്കും.
കഴിഞ്ഞ മാർച്ച് മുതലാണ് ബൈപ്പാസ് രണ്ടിടത്ത് അടച്ചത്. അതൊന്നും പരിഗണിക്കാതെയാണ് പിരിവ്
മികച്ച റോഡിലെ സുഗമമായ യാത്രയ്ക്കാണ് ടോൾ കൊടുക്കേണ്ടത്.എന്നാലിവിടെ യാത്രയും സുഗമമല്ല, റോഡും മികച്ചതല്ല, എന്നിട്ടും ടോൾ കൊടുക്കണം.
ഈഞ്ചയ്ക്കിലിൽ മെല്ലെ മെല്ലെ;
കുമരിച്ചന്തയിൽ ഇല്ലേ ഇല്ല!
ഈഞ്ചയ്ക്കിലെ ഫ്ലൈഓവർ നിർമ്മാണത്തിന് ഇപ്പോൾ പഴയ വേഗമില്ലെന്നാണ് പരാതി. തിരുവല്ലത്തു നിന്നും ചാക്ക ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് പോകുന്നത്. ഈഞ്ചയ്ക്കൽ എത്തുമ്പോൾ വള്ളക്കടവ് ഭാഗത്തു നിന്നുവരുന്ന വാഹനങ്ങളും കൂടിയെത്തും. വലിയ വാഹനങ്ങൾ എത്തിയാൽ പിന്നെ അനങ്ങാൻപറ്റാത്ത അവസ്ഥയാകും. കുമരിച്ചന്ത ഫ്ലൈഓവർ നിർമ്മാണം നിലച്ചിരിക്കുകയാണ്. ഫ്ലൈഓവർ കടന്നുപോകുന്ന പൂന്തുറ- അമ്പലത്തറ റോഡിന് പ്ലാൻ അനുസരിച്ച് 20മീറ്ററാണ് വീതി. അത് മതിയാകില്ലെന്നും 30 മീറ്റർ വേണമെന്നും സമരസമിതി ആവശ്യം ഉന്നയിച്ചതോടെയാണ് ഇവിടെ നിർമ്മാണം നിലച്ചത്.