കൃഷിയിലെ മികവ്; ഹൈടെക് കർഷകനടക്കം തലസ്ഥാനത്തിന് അഞ്ച് പുരസ്‌കാരങ്ങൾ

Thursday 14 August 2025 1:30 AM IST

തിരുവനന്തപുരം: സംസ്ഥാന കർഷക പുരസ്‌കാര നേട്ടത്തിൽ മിന്നിത്തിളങ്ങി തലസ്ഥാനം. മികച്ച ഹൈടെക് കർഷകനുള്ള പുരസ്‌കാരം,മൂല്യവർദ്ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടം,പോഷകത്തോട്ടം, പൊതുമേഖലാസ്ഥാപനം,ഫാം ഓഫീസർക്കുള്ള പുരസ്‌കാരം എന്നിവയുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ജില്ലയ്ക്ക്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന ഹൈടെക് കർഷകനുള്ള പുരസ്‌കാരം കുളത്തൂർ,പ്ലാമൂട്ടുകട അത്മഥ വണ്ടാഴംവിള വീട്ടിൽ ബി.സി സിസിൽ ചന്ദ്രൻ നേടി.

മികച്ച പോഷകത്തോട്ടത്തിനുള്ള പുരസ്‌കാരത്തിന് മണക്കാട് ശ്രീനഗർ ശ്യാമള നിവാസിൽ എൻ.ഹരികേശൻ നായർ അർഹനായി.50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്‌കാരം നെട്ടുകാൽത്തേരി തുറന്ന ജയിലിന് ലഭിച്ചു. സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും. ഫാം ഓഫീസർക്കുള്ള പുരസ്‌കാരം രണ്ടാം സ്ഥാനം തിരുവനന്തപുരം പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ആർ.എസ്.റീജ നേടി. മൂല്യവർദ്ധിത മേഖലയിലെ മികച്ച കൃഷിക്കൂട്ടത്തിനുള്ള പുരസ്‌കാരം കടകംപള്ളി ഈസി ആൻ‌ഡ് ഫ്രഷ് കൃഷിക്കൂട്ടത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം.