കെ.സി.എൽ ട്രോഫി ടൂർ തലസ്ഥാനത്ത്
തിരുവനന്തപുരം: 21ന് കാര്യവട്ടത്ത് തുടങ്ങുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം സീസണിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് തലസ്ഥാന നഗരിയിൽ ഉജ്ജ്വല സ്വീകരണം. ക്രിക്കറ്റിന്റെ ആരവമുയർത്തി ജില്ലയിലെത്തിയ പര്യടനത്തിന് കായിക പ്രേമികളും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ വരവേൽപ്പാണ് നൽകിയത്.തലസ്ഥാന നഗരിയുടെ ടീമായ അദാനി ട്രിവാൻഡ്രം റോയൽസിന്റെ സാന്നിദ്ധ്യം സ്വീകരണത്തിന് മിഴിവേകി.
രാവിലെ 9.30ന് കവടിയാർ കൊട്ടാരത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി, രാജകുടുംബാംഗം ആദിത്യ വർമ്മ എന്നിവർ ചേർന്ന് വാഹന പ്രചാരണ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂരിൽ നിന്നാണ് ട്രോഫി ടൂർ ആരംഭിച്ചത്.കെ.സി.എൽ ഡയറക്ടർ രാജേഷ് തമ്പി, തിരുവനന്തപുരം ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.കെ.രാജീവ്,സെക്രട്ടറി അഡ്വ.രജിത്ത് രാജേന്ദ്രൻ,ട്രിവാൻഡ്രം റോയൽസ് പ്രതിനിധി മനോജ് മത്തായി,ഡോ.മൈഥിലി തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ ഊഷ്മളമായ സ്വീകരണമൊരുക്കി. ട്രിവാൻഡ്രം റോയൽസ് ടീം ക്യാപ്ടൻ കൃഷ്ണപ്രസാദ്,വൈസ് ക്യാപ്ടൻ ഗോവിന്ദ് ദേവ് പൈ എന്നിവരുൾപ്പെടെയുള്ള താരങ്ങൾ വിദ്യാർത്ഥികളുമായി സംവദിച്ചു. സെന്റ് സേവ്യേഴ്‌സ് കോളേജ് തുമ്പ, ടെക്‌നോപാർക്ക് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം ആദ്യ ദിനത്തിലെ പരിപാടികൾ ലുലു മാളിൽ സമാപിച്ചു.
വരും ദിവസങ്ങളിൽ മാർ ഇവാനിയോസ് കോളേജ്,ശംഖുംമുഖം,കോവളം,നിംസ് മെഡിക്കൽ കോളേജ്,മാനവീയം വീഥി,മാൾ ഒഫ് ട്രാവൻകൂർ,കനകക്കുന്ന് തുടങ്ങിയ നഗര കേന്ദ്രങ്ങളിലേക്ക് പര്യടനം എത്തും. ശനിയാഴ്ച നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങോടെ പര്യടനത്തിന് സമാപനമാകും.