ഭക്ഷണപ്രിയം കൃഷിക്കാരനാക്കി

Thursday 14 August 2025 12:47 AM IST

തൃശൂർ: ഭക്ഷണപ്രിയത്താൽ തുടങ്ങിയ കൃഷിസ്നേഹം വെള്ളാങ്ങല്ലൂർ സ്വദേശി എൻ.എസ്. മിഥുനെ മാതൃകാ കർഷകനാക്കി. കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 'കർഷക ജ്യോതി' പുരസ്‌കാരമാണ് മിഥുനെ തേടിയെത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം. പാചകക്കാരനും കാറ്ററിംഗ് നടത്തിപ്പുകാരനുമായിരുന്ന മിഥുൻ കൊവിഡ് കാലഘട്ടം മുതലാണ് കൃഷിയിൽ സജീവമായത്. സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച് ഗുണമേന്മയുള്ള ഭക്ഷണം കൊടുക്കാൻ സാധിക്കുമെന്ന തോന്നലാണ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമായത്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നടുവത്ര വീട്ടിൽ താമസിക്കുന്ന മിഥുൻ, ഭൂമി പാട്ടത്തിനെടുത്ത് നെല്ല്, വാഴ, തണ്ണിമത്തൻ, പച്ചക്കറികൾ, കിഴങ്ങുവിളകൾ, ചെറുധാന്യങ്ങൾ തുടങ്ങി വിവിധ വിളകൾ കൃഷി ചെയ്യുന്നു. വിളകളോടൊപ്പം പശു, മത്സ്യം, ആട്, തേനീച്ച, കോഴി എന്നിവയും വളർത്തുന്നുണ്ട്.