ടൂറിസം വികസനത്തിന് യു.ഡി.എഫ് കോൺക്ളേവ് സംഘടിപ്പിക്കും: വി.ഡി.സതീശൻ

Thursday 14 August 2025 4:45 AM IST

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കേണ്ട ടൂറിസം വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ 2026 ജനുവരിയിൽ അന്തർദേശീയ തലത്തിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് ടൂറിസം കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ.ടി.ഡി.സി എംപ്ലോയീസ് കോൺഗ്രസിന്റെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വർത്തമാനകാല മാനേജ്‌മെന്റും തൊഴിലാളി ബന്ധങ്ങളും എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശിയും സമാപന സമ്മേളനം പി.സി.വിഷ്ണുനാഥും ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാന്മാരായ പന്തളം സുധാകരൻ,ചെറിയാൻ ഫിലിപ്പ്,യൂണിയന്റെ ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ,എ.കെ.സനിൽ,സാവൻ അമ്പാടിയിൽ,വേണുഗോപാൽ,പി.ആർ.രതീഷ്,ബാലൂനാഥ്,ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് തുടങ്ങിയവർ പങ്കെടുത്തു.