തിരഞ്ഞടുപ്പ് വരെ തീപാറും, ശേഷം പരാതികൾ കൊട്ടയിൽ

Thursday 14 August 2025 12:00 AM IST

തൃശൂർ: വോട്ട് ക്രമക്കേട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപ് നൽകിയ പരാതികൾ അന്വേഷിച്ചതിന്റെ റിപ്പോർട്ട് ചവറ്റുകൊട്ടയിൽ. 2019ൽ നടന്ന തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റിയത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ടി.എൻ. പ്രതാപൻ മത്സരിച്ച് ജയിച്ച തിരഞ്ഞെടുപ്പിൽ നിരവധി വോട്ടുകൾ വെട്ടിമാറ്റിയെന്ന് കോൺഗ്രസ് തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപിൽ പരാതിപ്പെട്ടിരുന്നു.

സംസ്ഥാന വരണാധികാരിയുടെ നിർദ്ദേശപ്രകാരം കളക്ടർ ബി.എൽ.ഒമാരോട് വിശദീകരണം തേടിയിരുന്നു. വോട്ടുകൾ വെട്ടിമാറ്റിയ ബി.എൽ.ഒമാർ തന്നെ അന്വേഷണം നടത്തിയ ശേഷമാണ് വോട്ടുകൾ വെട്ടിമാറ്റിയിട്ടില്ലെന്നും സ്ഥിരതാമസക്കാരല്ലാത്തവരാണെന്നും റിപ്പോർട്ട് നൽകിയത്. തെറ്റ് ചെയ്തവർ തന്നെ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് കളക്ടറും അംഗീകരിച്ചു.

ഇതിനെതിരേ വോട്ട് നഷ്ടപ്പെട്ടവർ ചോദ്യം ചെയ്ത് രംഗത്തെത്തിയെങ്കിലും പാർട്ടി നേതാക്കൾ കൈയൊഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.എൽ.ഒമാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല. കൂടാതെ പ്രാദേശിക നേതാക്കളും ബി.എൽ.ഒമാരെ സഹായിക്കാനെത്തിയതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

വെട്ടിമാറ്റിയത് ആയിരത്തിലധികം വോട്ടുകൾ

2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടുകളാണ് വെട്ടിമാറ്റിയെന്ന് കണ്ടെത്തിയത്. ഇതിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും വോട്ടുകളുണ്ടെന്ന പരാതി വ്യാപകമായിരുന്നു. ജീവിച്ചിരിക്കുന്ന പലരെയും മരിച്ചവരായും സ്ഥലത്തില്ലാത്തവരുമായാണ് ബി.എൽ.ഒമാർ റിപ്പോർട്ട് ചെയ്തത്. ബി.ജെ.പിയും അന്ന് പരാതിയുമായി രംഗത്തെത്തിയിരുന്നു. പ്രധാന പരാതിക്കാരായ കോൺഗ്രസ് സ്ഥാനാർഥി പ്രതാപൻ വിജയിച്ചതോടെ പിന്നീട് കാര്യമായ തുടരന്വേഷണം ഉണ്ടായില്ല. മറ്റ് പാർട്ടിക്കാരും പിൻമാറിയതോടെ കുറ്റക്കാരെന്ന് കണ്ടെത്തിയ ബി.എൽ.ഒമാർക്കെതിരെ നടപടിയെടുക്കാതെ റിപ്പോർട്ട് ചവറ്റുകൊട്ടയിലിട്ട് പ്രശ്‌നം അവസാനിപ്പിച്ചു.