2021ലെ വോട്ടർപ്പട്ടിക ക്രമക്കേടിൽ എന്തു നടപടിയെടുത്തു: ചെന്നിത്തല
തിരുവനന്തപുരം: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളുടെയും ഇരട്ടവോട്ടുകളുടെയും തെളിവുകൾ സഹിതം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് താൻ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികളുടെ വിശദാംശംതേടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. 2021ലെ തിരഞ്ഞെടുപ്പിൽ 30 അസംബ്ളി മണ്ഡലങ്ങളിൽ 10,000 വോട്ടിനു താഴെ വ്യത്യാസത്തിലാണ് യു.ഡി.എഫ് പരാജയപ്പെട്ടത്.
അന്ന് 4.34 ലക്ഷം വോട്ട് ഇരട്ടിപ്പുകളോ വ്യാജവോട്ടുകളോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തങ്ങൾ കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോൾ 38,000 ഇരട്ടവോട്ടുകളാണെന്ന് കമ്മിഷൻ സമ്മതിച്ചു. ശേഷിക്കുന്നവ സാങ്കേതിക പരിമിതികൾ കാരണം പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും നിലപാടെടുത്തു. ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകൾ നീക്കംചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും 2021 മാർച്ച് 31ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് എത്ര വോട്ടുകൾ നീക്കം ചെയ്തെന്ന് ഇപ്പോഴും വ്യക്തമല്ല.
2021ൽ ഞങ്ങൾ കണ്ടെത്തി തന്ന വ്യാജ വോട്ടുകളിൽ എത്രയെണ്ണം നീക്കം ചെയ്തു. വോട്ട് ഇരട്ടിപ്പ് ഉണ്ടെന്ന് കമ്മിഷൻ സമ്മതിച്ച സ്ഥിതിക്ക് അതിന് ഉത്തരവാദികൾ ആരൊക്കെയാണെന്ന് കണ്ടെത്തിയോ. വോട്ടർപ്പട്ടിക ശുദ്ധീകരിക്കാൻ അതിനുശേഷം എന്തെങ്കിലും നടപടികൾ സ്വീകരിച്ചോ. 4.34 ലക്ഷം വ്യാജവോട്ട് ഇപ്പോഴും പട്ടികയിൽ നിലനിൽക്കുന്നുണ്ടോ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് നിലനിന്നോ. അതിൽ എത്രവോട്ട് പോൾ ചെയ്യപ്പെട്ടു എന്നും ചെന്നിത്തല ചോദിച്ചു.
തൃശൂരിൽ സി.പി.എം അറിവോടെ
തൃശൂരിൽ സി.പി.എമ്മിന്റെ അറിവില്ലാതെ വോട്ടർപ്പട്ടികയിൽ കൃത്രിമം നടക്കില്ലെന്ന് ചെന്നിത്തല. ബി.ജെ.പിയെ ജയിപ്പിക്കാനായി സി.പി.എം ബോധപൂർവം പട്ടികയിൽ തിരിമറി നടത്തിയതാണോ. പൂരം കലക്കിയ മോഡലിൽ തൃശൂരിൽ വോട്ടർപ്പട്ടികയും കലക്കിയോ.
ഉത്തരം പറയേണ്ടത് സുരേഷ് ഗോപി: സതീശൻ
തൃശൂർ ലോക് സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഉത്തരം പറയാനുള്ള ബാദ്ധ്യത സുരേഷ് ഗോപിക്കും, അദ്ദേഹത്തിന്റെ പാർട്ടിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി വോട്ടർപ്പട്ടികയിൽ ബി.ജെ.പി കൃത്രിമം നടത്തിയതിന്റെ ഭാഗമായാണ് തൃശൂരിലെ ക്രമക്കേടും. ദേശീയ തലത്തിൽ രാഹുൽ ഗാന്ധി ഈ വിഷയം ഉയർത്തുന്നതിന് മുമ്പേ തൃശൂരിലെ വോട്ടർപ്പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് പരാതി ഉയർന്നു. എന്നാൽ വോട്ടർപ്പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ട് ചെയ്യാൻ അനുവദിക്കുമെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്.പാലക്കാട് ഉപ തിരഞ്ഞെടുപ്പിലും കള്ള വോട്ട് ചേർക്കാനുള്ള ശ്രമമുണ്ടായതിനെ യു.ഡി.എഫ്തടഞ്ഞു. ആർക്കും നിഷേധിക്കാനാകാത്ത തെളിവുകൾ നിരത്തിയപ്പോഴും രാഹുൽ ഗാന്ധി ഇന്ത്യക്കാരനല്ലെന്നൊക്കെയാണ് കമ്മിഷൻ പറയുന്നത്. വിഭജന ഭീതി ദിനം ആചരിക്കാനുള്ള നിർദ്ദേശം ഗവർണറുടെ ഭാഗത്തെഗുരുതര തെറ്റാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറം കെടുത്തുന്ന ദേശ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഗവർണറുടേത്. മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു. എന്നാൽ, നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് ചങ്കുറപ്പോടെ ഗവർണറുടെ മുഖത്ത് നോക്കി പറയാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സതീശൻ ചൂണ്ടിക്കാട്ടി.