ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്, ഡോവലുമായി ചർച്ച: അതിർത്തി തർക്കവും അജൻഡയിൽ
ബീജിംഗ്: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി 18ന് ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട് . ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്താനാണ് സന്ദർശനം. റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിൽ യു.എസുമായുള്ള ബന്ധം ഉലയുന്നതിനിടെ റഷ്യയും ചൈനയുമായി ഇന്ത്യ അടുക്കുന്നതിനിടെയാണിത്. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ടിയാൻജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നതിന് മുന്നോടിയായിയാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനമെന്ന പ്രത്യേകതയുമുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉച്ചകോടിയിൽ ചേരും. ഉച്ചകോടിയിൽ മോദിയും ഷീയും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. 31 വരെ സെപ്തംബർ 1 വരെയാണ് ഉച്ചകോടി. ഗാൽവാൻ സംഘർഷത്തിനു ശേഷം 2024 ഒക്ടോബറിൽ മുൻപ് എങ്ങനെയായിരുന്നോ അതേ സ്ഥിതിയിലേക്ക് സൈന്യത്തെ പിൻവലിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമെടുത്തിരുന്നു. ചില മേഖലകളിൽ ഇനിയും ഇത് പൂർത്തിയാകാനുണ്ട്. ഈ സാഹചര്യത്തിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. 2019ന് ശേഷം ആദ്യമായാണ് മോദി ചൈനയി സന്ദർശനം നടത്തുന്നത്.
നേരത്തെ, ഇന്ത്യയും ചൈനയും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ.എസി) ഡെപ്സാംഗ് സമതലങ്ങളിലും ഡെംചോക്ക് പ്രദേശങ്ങളിലും പട്രോളിംഗ് ഉപേക്ഷിച്ച് പുനരാരംഭിക്കാൻ സമ്മതിച്ചിരുന്നു. അതിർത്തിയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമാണ് ഈ നീക്കം. ഹിന്ദുക്കളുടെ ഒരു പ്രധാന തീർത്ഥാടന പാതയായ കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചു, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പുതുക്കിയ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെയും സാംസ്കാരിക നയതന്ത്രത്തിന്റെയും പ്രതീകമാണ്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയും ചൈനയും ടൂറിസ്റ്റ് വിസകൾ പുനരാരംഭിച്ചു മൂന്ന് വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ ഡീസൽ ചരക്ക് ചൈനയിലേക്ക് കയറ്റി അയച്ചതോടെ ബിസിനസ് ബന്ധങ്ങളിൽ ഒരു പുനരുജ്ജീവനം ഉണ്ടായിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങിയതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തിയ സാഹചര്യത്തിലാണ് ഈ വികസനം. പുട്ടിൻ ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. കഴിഞ്ഞ ആഴ്ച റഷ്യ സന്ദർശിച്ച ഡോവൽ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുടെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയി ഷൊയിഗുവുമായും ഡോവൽ ചർച്ചനടത്തി.
വിമാന സർവീസിന്‍ തീരുമാനം
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും അടുത്ത മാസം ആദ്യം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്ത്യൻ വിമാനക്കമ്പനികളോട് സർവീസുകൾ തയാറാക്കാൻ ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് വിമാന സർവീസുകൾ ഇന്ത്യയിൽ നിറുത്തിവച്ചിരുന്നു. പിന്നീട് നയതന്ത്ര പ്രശ്നമടക്കം കാരണം സർവീസുകൾ നിറുത്തിവച്ചിരുന്നു. ഹോങ്കോംഗ്, സിംഗപ്പൂർ വഴിയായിരുന്നു യാത്ര.