ട്രംപിനൊപ്പമുള്ള ജോലി അത്ര എളുപ്പമല്ല: സുസ്മിതാ സെൻ
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ജോലി ചെയ്യുക അത്ര എളുപ്പമല്ലെന്ന് ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിതാ സെൻ. 2010നും 2012നും ഇടയിൽ നടന്ന മിസ് ഇന്ത്യ യൂണിവേഴ്സ് ഫ്രാഞ്ചൈസിയുടെ മേൽനോട്ടം വഹിച്ചപ്പോഴാണ് അനുഭവമുണ്ടായതെന്ന് സെൻ പറഞ്ഞു. ട്രംപിന്റെ ഉടമസ്ഥതയിലായിരുന്നു അക്കാലത്ത് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ. 'അപ്രതീക്ഷിതമായാണ് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ എന്നെ വിളിച്ചത്. നിങ്ങൾക്ക് ഈ ഫ്രാഞ്ചൈസി ഏറ്റെടുക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചു. ഞാൻ അമ്പരന്നുപോയി. ശരിക്കും അതൊരു സ്വപ്നം പോലെ തോന്നി. അന്ന് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന ഫ്രാഞ്ചൈസി ഏറ്റെടുക്കുന്നതിനായി കടുത്ത നിബന്ധനകളുള്ള ഒരു കരാറിലാണ് ഒപ്പുവച്ചത്. അതുകൊണ്ട് കാര്യങ്ങൾ ഒട്ടും എളുപ്പമോ സന്തോഷകരമോ ആയിരുന്നില്ല"- സെൻ പറഞ്ഞു. താൻ ട്രംപിന്റെ നേരിട്ടുള്ള ജീവനക്കാരിയായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.