ജെ.എസ്.എസിൽ കലഹം: രാജൻബാബുവിനെ നീക്കിയെന്ന് എ.വി.താമരാക്ഷൻ

Thursday 14 August 2025 1:56 AM IST

ആലപ്പുഴ/ കൊച്ചി: ജനാധിപത്യ സംരക്ഷണ സമിതിയിൽ വീണ്ടും വിഭാഗീയത . ഇന്നലെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാനഹകമ്മിറ്റി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അഡ്വ.എ.എൻ.രാജൻ ബാബുവിനെ പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി.താമരാക്ഷൻ അറിയിച്ചു. രാജൻ ബാബു കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്ത സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന് ജനറൽ സെക്രട്ടറിയുടെ പൂർണ്ണ ഉത്തരവാദിത്വം കൈമാറാനും യോഗം തീരുമാനിച്ചു. അതേ സമയം പ്രചരണം അടിസ്ഥാനരഹിതമാണെന്ന് രാജൻ ബാബു കേരളകൗമുദിയോട് പ്രതികരിച്ചു.

ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റിനോട് പോലും ആലോചിക്കാതെയാണ് ബാലരാമപുരം സുരേന്ദ്രനെയും, ഭാരവാഹികളായ കെ.പി.സുരേഷിനെയും വിനോദ് വയനാടിനെയും രാജൻബാബു സസ്പെൻഡ് ചെയതതെന്ന് യോഗം കുറ്റപ്പെടുത്തി. പതിനാല് മാസമായി സംസ്ഥാന കമ്മിറ്റിപോലും വിളിച്ചുചേർക്കാതെ ജനറൽ സെക്രട്ടറി സ്ഥാപിത താൽപര്യക്കാരുമായി ചേർന്ന് യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ്.

നവംബർ‌ 29, 30 തീയതികളിൽ ചേരുന്ന സംസ്ഥാന സമ്മേളനം വരെയാണ് ബാലരാമപുരം സുരേന്ദ്രന് ജനറൽ സെക്രട്ടറിയുടെ ചുമതല .

താമരാക്ഷനെതിരെ നടപടി : രാജൻബാബു വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. എ.എൻ.രാജൻബാബു പറഞ്ഞു. തനിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന കമ്മി​റ്റി ചേരണം. ശനിയാഴ്ച എറണാകുളത്തെ പാർട്ടി ആസ്ഥാനത്ത് ചേരുന്ന 73 അംഗ സംസ്ഥാന കമ്മി​റ്റി യോഗത്തിൽ താമരാക്ഷൻ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കും. സംസ്ഥാന സെക്രട്ടറിയെയും രണ്ട് ഭാരവാഹികളെയും സസ്‌പെൻഡ് ചെയ്തത് പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ്. സമൂഹമാദ്ധ്യമങ്ങൾ വഴി ഗൗരിയമ്മയെ വരെ അപമാനിച്ചവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും രാജൻബാബു പറഞ്ഞു.