സുരേഷ് ഗോപി പ്രതികരിക്കേണ്ടതില്ല: കെ. സുരേന്ദ്രൻ
തൃശൂർ: വോട്ടർപ്പട്ടിക വിഷയത്തിൽ ഒരു ശതമാനംപോലും കേന്ദ്രമന്ത്രി സുരേഷ് ഗോപി മറുപടി പറയേണ്ട കാര്യമില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് നടത്തിയത് പാർട്ടിയാണ്. സുരേഷ് ഗോപി പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥി മാത്രമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, തേക്കിൻകാട് വന്ന സമയത്ത് തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ബി.ജെ.പി നിശ്ചയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയും കുടുംബവും ഡ്രൈവറും സഹപ്രവർത്തകരും വീട് വാടകയ്ക്കെടുത്ത് ഇവിടെത്തന്നെയായിരുന്നു ക്യാമ്പ് ചെയ്തിരുന്നത്.
പാർട്ടി 60,000 വോട്ട് അനധികൃതമായി ചേർത്തു എന്ന ആരോപണത്തിന് നിങ്ങൾ എന്ത് കണ്ട് ഇരിക്കുകയായിരുന്നു എന്നാണ് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നേതാക്കന്മാരോട് ചോദിക്കാനുള്ളത്. നിങ്ങളൊക്കെ പോയി തൂങ്ങിച്ചാകുന്നതാണ് നല്ലത്. കന്യാസ്ത്രീകളുടെയും വൈദികരുടെയും വിഷയത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനാണ് കാര്യങ്ങൾ ചെയ്യുന്നത്. സുരേഷ് ഗോപിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല.
'ക്ലിഫ് ഹൗസിൽ കരിഓയിൽ ഒഴിക്കും'
ബി.ജെ.പി പ്രവർത്തകരെ തല്ലിയ പൊലീസിനെതിരെയും സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് കരിഓയിൽ ഒഴിച്ചവർക്കെതിരെയും നടപടിയെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ കയറി കരിഓയിൽ ഒഴിക്കുമെന്ന് കെ.സുരേന്ദ്രൻ. പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. രമേശ് ചെന്നിത്തലയ്ക്കും ഭാര്യയ്ക്കും ഇരട്ടവോട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്താണ് കെ.സുരേന്ദ്രനെ തോൽപ്പിച്ചത്.
സുരേഷ് ഗോപിക്കെതിരെ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. പൂജപ്പുരയിൽ ത്രിവർണ്ണ സ്വാഭിമാന യാത്രയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേഷ്ഗോപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്നത് തൃശൂരിലെ വോട്ടർമാരെ അപമാനിക്കലാണ്. പരാതിയുണ്ടെങ്കിൽ എന്തു കൊണ്ടാണ് കോടതിയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപിലും പോകാത്തതെന്ത്..പത്തു വർഷം എന്തു ചെയ്തെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വരുന്നതു കൊണ്ടാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇടതും വലതും ഇത്തരത്തിൽ നുണപ്രചാരണങ്ങളുമായി ജനങ്ങളെ വിഡ്ഢികളാക്കാൻ ഇറങ്ങിയിരിക്കുന്നത്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കൗൺസിലർക്കെതിരെ പരാതി
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ പൂങ്കുന്നം ഡിവിഷനിൽ വ്യാജ വോട്ട് നിർമ്മിക്കുന്നതിനായി കൂട്ടുനിന്നെന്ന് കേരള വർമ്മ കോളേജിലെ അദ്ധ്യാപികയും പൂങ്കുന്നം ഡിവിഷൻ കൗൺസിലറുമായ ഡോ. വി. ആതിരക്കെതിരെ പരാതി. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജിലെ അസി. പ്രൊഫസറായ ആതിരക്കെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രന് കെ.എസ്.യു ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. ഡോ. ആതിരയുടെ കേരളവർമ്മ കോളേജ് റോഡിലെ പള്ളിപ്പെറ്റ വീട്ടിലെ വിലാസത്തിൽ ആറ് വോട്ടുകളാണ് ഈവിധം ചേർത്തത്. ബി.ജെ.പിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനും മുൻ ജില്ലാ പ്രഭാരിയുമായ വി. ഉണ്ണിക്കൃഷ്ണന് വോട്ട് ഈ വീട്ടിലെ വിലാസത്തിലാണ്. പാലക്കാട് നാഗലശ്ശേരി പഞ്ചായത്തിൽ വോട്ടറായ ബന്ധുവിന്റെയും കുടുംബത്തിന്റെയും വോട്ടുകളാണ് ആതിര തൃശൂരിൽ ചേർത്തത്.
ബി.ജെ.പി - സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു കഴിഞ്ഞ ദിവസം സി.പി.എം ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലായി 70 പേർക്കെതിരെ കേസെടുത്തു. 40 ബി.ജെ.പി പ്രവർത്തകർക്കെതിരെയും 30 സി.പി.എം പ്രവർത്തകർക്കെതിരെയുമാണ് കേസ്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലെ ബോർഡിൽ കരിഓയിൽ ഒഴിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ നിന്ന് പോകുന്നതിനിടെ സി.പി.എം പ്രവർത്തകർ പിടിച്ചിറിക്കിയ വിപിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.