പാംപ്ലാനി അവസരവാദി തന്നെ:എം.വി. ഗോവിന്ദൻ

Thursday 14 August 2025 2:05 AM IST

തളിപ്പറമ്പ്: തലശ്ശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയെ അവസരവാദിയെന്നു വിശേഷിപ്പിച്ചതിൽ ഉറച്ചുനിൽക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്റെ പരാമർശം ക്രിസ്തീയ സഭയെ മൊത്തത്തിൽ ലക്ഷ്യം വച്ചുള്ളതല്ല. സഭയിലെ ചിലരുടെ നിലപാടിനെതിരായ വിമർശനമാണിത്. സി.പി.എം -സഭ പോര് എന്നൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുർബാന നടത്താൻ പാർട്ടി ഓഫീസ് വിട്ടു നൽകിയവരാണ് സി.പി.എം. സഭയിൽ രണ്ട് വിഭാഗമുണ്ട്. ചില ബിഷപ്പുമാർ സംഘപരിവാറിനെ ശരിയായി മനസ്സിലാക്കുന്നില്ല, .സി.പി.എമ്മും ക്രിസ്തീയ സഭയും തമ്മിൽ സംഘർഷമുണ്ടെന്ന പ്രചാരണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സംഘപരിവാറും സി.പി.എമ്മും ഒന്നു തന്നെയാണെന്ന തോന്നൽ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യം.

തൃശൂരിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ഉത്തരവാദിത്തം ബി.ജെ.പിക്കാണ്.ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ബന്ധുക്കളും ഉൾപ്പെടെയാണ് കള്ളവോട്ട് ചേർത്തിട്ടുള്ളത്. ഇതേക്കുറിച്ച് സുരേഷ് ഗോപി മൗനം പാലിക്കുന്നു.തിരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായ അന്വേഷണം നടത്തണം.തന്നെ ഗോവിന്ദച്ചാമിയോട് ഉപമിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുന്നത്. അതിനൊന്നും മറുപടി പറയാനില്ലെന്നായിരുന്നു മറുപടി. തെറ്റ് ചൂണ്ടിക്കാട്ടിയതിന് ഭീഷണിപ്പെടുത്തലുമായി ആരും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.