ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന്റെ ഭാര്യ ജയിലിലേക്ക്

Thursday 14 August 2025 1:10 AM IST

സോൾ: ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഭാര്യ കിം കിയോൺഹീയെ (52) അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് സോൾ ജില്ലാ കോടതി. മോട്ടോഴ്സ് ഓഹരികളിൽ കൃത്രിമം കാണിച്ചതിനും നിയമവിരുദ്ധ രാഷ്ട്രീയ സഹായം നൽകിയതിനും 43,000 ഡോളർ (37.68 ലക്ഷം രൂപ) വിലവരുന്ന പെൻഡന്റ് പോലുള്ള ആഡംബര സമ്മാനങ്ങൾ സ്വീകരിച്ചതിനുമാണ് അറസ്റ്റ്. മുൻ പ്രസിഡന്റും ഭാര്യയും ഒരേസമയം ജയിലിലാകുന്നത് ദക്ഷിണ കൊറിയയുടെ ചരിത്രത്തിലാദ്യമാണ്. തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ട് പുറത്തായ പ്രസിഡന്റാണ് യൂൻ സുക്‌യോൾ. കഴിഞ്ഞ വർഷം ഡിസംബറിൽ പട്ടാള നിയമം ഏർപ്പെടുത്താനുള്ള ശ്രമത്തിലൂടെ പതനം ആരംഭിച്ചു. ഇത് രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായി. പിന്നാലെ കലാപശ്രമം, അധികാര ദുർവിനിയോഗം, അഴിമതി തുടങ്ങിയ ആരോപണങ്ങൾ നേരിട്ടു. പ്രഥമ വനിത എന്ന അധികാരം ഉപയോഗിച്ച് വൻ വ്യവസായ സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ സഹായം ചെയ്തുവെന്ന ആരോപണമാണ് കിം നേരിടുന്നത്. ഇതിന് പ്രതിഫലമായി വജ്രാഭരണങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ കൈപ്പറ്റിയതായും പ്രത്യേക അന്വേഷണ ഏജൻസി കണ്ടെത്തി. 37 ലക്ഷം വില വരുന്ന വജ്രത്തിൽ തീർന്ന പെന്റന്റും സമ്മാനമായി കൈപ്പറ്റി. 2022ൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുമ്പോൾ കിം ഇത് ധരിച്ചിരുന്നു.