യോഗം തിരഞ്ഞെടുപ്പ്: സ്റ്റേ തുടരും

Thursday 14 August 2025 2:09 AM IST

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്പീലുകൾ ഹൈക്കോടതി ആഗസ്റ്റ് 20ലേക്ക് മാറ്റി. തിരഞ്ഞെടുപ്പ് നടപടികൾക്കുള്ള സ്റ്റേയും അന്നുവരെ നീട്ടി. ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബൈഞ്ചാണ് അപ്പീലുകൾ പരിഗണിച്ചത്.

എസ്.എൻ.ഡി.പി യോഗത്തിന് ബാധകമാകുന്നത് കേന്ദ്ര കമ്പനി നിയമമാണെന്ന് കേന്ദ്രസർക്കാർ നേരത്തേ കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിഷയം കമ്പനികാര്യ നിയമപ്രകാരമുള്ള ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിന് വിടുന്നതല്ലേ ഉചിതമെന്ന് കോടതി ആരാഞ്ഞു. ഇത് പരിശോധിച്ച് റോസ്റ്റർ പ്രകാരം കേസ് പോസ്റ്റ് ചെയ്താൻ രജിസ്ട്രിയോട് നിർദ്ദേശിക്കുകയും ചെയ്തു. പ്രാതിനിധ്യ അവകാശപ്രകാരം വോട്ടിംഗ് അനുവദിക്കുന്ന യോഗം ബൈലായിലെ വ്യവസ്ഥ സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. എല്ലാ അംഗങ്ങൾക്കും വോട്ടവകാശമുണ്ടെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ എസ്.എൻ.ഡി.പി യോഗം അടക്കം ഫയൽചെയ്ത അപ്പീലുകളാണ് ഡിവിഷൻബെഞ്ചിന്റെ പരിഗണനയിലുള്ളത്.