ബീഹാർ വോട്ടർപ്പട്ടികയിൽ സുപ്രീംകോടതി തിര.കമ്മിഷൻ നടപടി വോട്ടർ സൗഹൃദം
ന്യൂഡൽഹി: ബീഹാറിലെ തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ വോട്ടർ സൗഹൃദമെന്ന് സുപ്രീംകോടതി. പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളുടെ എണ്ണം വർദ്ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണിത്. കമ്മിഷൻ നടപടികൾ ഏകപക്ഷീയമെന്ന് ആരോപിച്ച് 'ഇന്ത്യ" മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളുമടക്കം സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഒരു രേഖ മാത്രമാണ് ചോദിക്കുന്നതെങ്കിൽ വോട്ടർമാർക്ക് പ്രതികൂലമാകുമായിരുന്നു. എന്നാൽ വോട്ടർപ്പട്ടികയിൽ പേരു ചേർക്കാൻ ഇപ്പോൾ 11 രേഖകൾ കമ്മിഷൻ സ്വീകരിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വോട്ടർപ്പട്ടിക പുതുക്കലിന് കമ്മിഷന് അധികാരമുണ്ടെന്നും വിലയിരുത്തി. ഏതു രീതിയിലാകണം പട്ടിക പരിഷ്കരണമെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടില്ലെങ്കിൽ കമ്മിഷന് സ്വന്തമായി നടപടിക്രമങ്ങൾ തയ്യാറാക്കാൻ കഴിയില്ലേയെന്ന് ഹർജിക്കാരോട് ചോദിച്ചു. അതേസമയം, പശ്ചിമബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പരാതികൾ പിന്നീട് പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ഇപ്പോൾ അത്യാവശ്യമായി വാദം കേൾക്കേണ്ട സാഹചര്യമില്ല.
വാർത്താസമ്മേളനത്തെ
കുറിച്ച് അറിയില്ല
കമ്മിഷൻ വെബ്സൈറ്റിൽ, ബീഹാറിലെ കരടു വോട്ടുപട്ടികയിലെ വിവരങ്ങൾ സെർച്ച് ചെയ്‌തു കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അറിയിച്ചു. വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണിതെന്നും പറഞ്ഞു. അങ്ങനെയൊരുവാർത്താസമ്മേളനത്തെ കുറിച്ച് അറിയില്ലെന്ന് സുപ്രീംകോടതി പ്രതികരിച്ചു. വാദംകേൾക്കൽ ഇന്നും തുടരും.
'മരിച്ചവരു"മായി
ചായ കുടിച്ച് രാഹുൽ
മരിച്ചുവെന്ന് പ്രഖ്യാപിച്ച് ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കിയവരുമായി ചായ കുടിച്ച് രാഹുൽ ഗാന്ധി. വീഡിയോ സമൂഹകമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. ജീവിതത്തിൽ രസകരമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 'മരിച്ചവരോടൊപ്പം " ചായ കുടിക്കാൻ ഇതുവരെയും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന് നന്ദിയെന്നും രാഹുൽ പരിഹസിച്ചു. ജീവിച്ചിരിക്കുന്ന തങ്ങളെ മരിച്ചവരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് വോട്ടർമാർ രാഹുലിനോട് പറഞ്ഞു.