പാക് സൈന്യത്തിന്റെ പിന്തുണയോടെ വെടിവയ്പ്, ജമ്മു കാശ്‌മീരിൽ ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യത്തിന്റെ ഭാഗമായ ബോർഡർ ആക്ഷൻ ടീമിന്റെ ( ബി.എ.ടി) സഹായത്തോടെ ഭീകരർ നുഴഞ്ഞുകയറി. പ്രതിരോധിക്കുന്നതിനിടെ വെടിവയ്പുണ്ടാകുകയായിരുന്നു. ശിപായ് ബനോത് അനിൽ കുമാറാണ് വീരമൃത്യു വരിച്ചത്. രണ്ട് സൈനികർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെ വരെ നീണ്ടു. സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാൻ ബി.എ.ടി ഉറിയിലെ ഫോർവേർഡ് പോസ്റ്റിന് നേർക്ക് തുടർച്ചയായി നിറയൊഴിച്ചു. സൈന്യം തിരിച്ചടിച്ചു. ശിപായ് ബനോത് അനിൽ കുമാറിനും ഹവിൽദാർ അൻകിതിനും ഗുരുതര പരിക്കേറ്റു.
ബനോത് അനിൽകുമാർ ചികിത്സയിലിരിക്കെ വീരമൃത്യു വരിക്കുകയായിരുന്നു. നിയന്ത്രണ രേഖയിൽ നിരീക്ഷണം ശക്തമായി തുടരുകയാണ്. ഓപ്പറേഷൻ അഖാൽ എന്ന പേരിൽ ഭീകരരെ കണ്ടെത്താനുള്ള സൈനിക നടപടി തുടരുന്നതിനിടെയാണ് ഏറ്റുമുട്ടൽ. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വലിയ പ്രകോപനമായാണ് സംഭവത്തെ കാണുന്നത്.