തെരുവുനായ : മൂന്നംഗ ബെഞ്ചിലേക്ക് മാറ്റി, ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : ഡൽഹിയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീകോടതി ഉത്തരവ് വലിയ ചർച്ചയായതിനിടെ നിലവിലെ ബെഞ്ചിൽ നിന്ന് മൂന്നംഗബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടേതാണ് നടപടി. വിഷയം ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ സ്വമേധയാ കേസെടുത്ത് രാജ്യതലസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും തെരുവുനായകളെ നീക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നത്. ആഗസ്റ്റ് 11ലെ ഉത്തരവ് പുറത്തുവരും മുൻപ് തന്നെ തെരുവുനായകളെ പിടികൂടാൻ തുടങ്ങിയിരിക്കുകയാണെന്ന് അഡ്വ. ഗരിമ ശർമ്മ ഇന്നലെ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് മൃഗാവകാശ സംഘടനയും ആവശ്യപ്പെട്ടു. അക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നൽകിയിരുന്നു. രാത്രിയോടെ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിക്കുകയായിരുന്നു.