ചാരവൃത്തി: ഡി.ആർ.ഡി.ഒ ഗസ്റ്റ് ഹൗസ് മാനേജർ പിടിയിൽ

Thursday 14 August 2025 1:30 AM IST

ന്യൂഡൽഹി: പാകിസ്ഥാൻ ഇന്റലിജൻസിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയ ഡി.ആർ.ഡി.ഒ ഗസ്റ്റ്ഹൗസ് മാനേജർ അറസ്റ്റിൽ. തന്ത്രപ്രധാന പരീക്ഷണങ്ങൾ നടക്കുന്ന രാജസ്ഥാനിലെ ജയ്സാൽമറിലുള്ള ഡി.ആർ.ഡി.ഒയുടെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ച് ഗസ്റ്റ് ഹൗസിന്റെ മാനേജർ മഹേന്ദ്ര പ്രസാദാണ് (32) അറസ്റ്റിലായത്. കരാർ തൊഴിലാളിയായ ഇയാൾ മിസൈൽ വിവരവും, ആയുധ പരീക്ഷണങ്ങൾക്കായെത്തുന്ന ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞരുടെയും കരസേനാ ഉദ്യോഗസ്ഥരുടെയും നീക്കങ്ങളും പാകിസ്ഥാന് കൈമാറി.

സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത്, ദേശവിരുദ്ധ, അട്ടിമറി പ്രവർത്തനങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയതിനിടെയാണ് ഇയാളുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്ന് രാജസ്ഥാൻ സി.ഐ.ഡി ഇന്റലിജൻസ് ഐ.ജി ഡോ. വിഷ്ണുകാന്ത് പറഞ്ഞു. ഉത്തരാഖണ്ഡ് സ്വദേശിയായ ഇയാൾ സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്. സുരക്ഷാ ഏജൻസികൾ പ്രസാദിനെ ചോദ്യം ചെയ്തുവരികയാണ്. മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇയാൾക്കൊപ്പം മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

തന്ത്രപ്രധാന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പാകിസ്ഥാൻ നിരീക്ഷിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.