താരിഫ് തർക്കത്തിനിടെ മോദി യു.എസിലേക്ക് യു.എന്നിനെ അഭിസംബോധന ചെയ്യും

Thursday 14 August 2025 1:31 AM IST

ന്യൂഡൽഹി: 50ശതമാനം താരിഫിനെ ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യു.എസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. സെപ്‌തംബറിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന യു.എൻ.ജി.എ വാർഷിക ഉച്ചകോടിയിൽ മോദി പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും കണ്ടേക്കുമെന്നാണ് റിപ്പോർട്ട്. യു.എസ് സന്ദർശനം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. 80-ാമത് യു.എൻ.ജി.എ വാർഷിക ഉച്ചകോടിയുടെ ഭാഗമായി സെപ്‌തംബർ 26ന് നടക്കുന്ന ഉന്നതതല ജനറൽ ഡിബേറ്റ് സെഷനിൽ സംസാരിക്കേണ്ടവരുടെ പട്ടികയിൽ 'ഇന്ത്യയുടെ രാഷ്‌ട്രതലവന്റെ"യും പേരുണ്ട്. വിദേശകാര്യ മന്ത്രാലയം മോദിക്കായി അന്ന് സമയം തേടിയിട്ടുണ്ട്. ചൈന, ഇസ്രയേൽ, പാകിസ്ഥാൻ, ബംഗ്ളാദേശ് രാജ്യങ്ങൾക്കും അന്നാണ് അവസരം. സെപ്‌തംബർ 23 ന് ട്രംപ് യു.എന്നിൽ രണ്ടാമൂഴത്തിലെ ആദ്യ പ്രസംഗം നടത്തും. കഴിഞ്ഞവർഷം, മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ജനറൽ അസംബ്ളിയിൽ സംസാരിച്ചത്.

താരിഫ് വിവാദം കത്തിനിൽക്കുന്നതിനിടെ യു.എസ് സന്ദർശനം നിർണായകമാണ്. ട്രംപ് അധികാരമേറ്റ ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ ഇരുവരും കൂടിക്കാഴ്‌ച നടത്തിയിരുന്നു. തീരുവ ചർച്ച ചെയ്‌ത് തീരുമാനിക്കാൻ ധാരണയായെങ്കിലും ട്രംപ് ഏകപക്ഷീയമായി ഇന്ത്യയ്‌ക്കുമേൽ 50 ശതമാനം പ്രഖ്യാപിക്കുകയായിരുന്നു. 25 ശതമാനം തീരുവ റഷ്യയിൽ നിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനുള്ള പിഴയാണെന്നും ട്രംപ് പറയുന്നു. ഇവ ആഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. രാജ്യതാത്‌പര്യത്തിന് വിരുദ്ധമായ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ് സന്ദർശനമുറപ്പായാൽ ട്രംപിന് പുറമെ യു.എന്നിൽ എത്തുന്ന യുക്രെയിൻ പ്രസിഡന്റ് വളാഡിമിർ സെലെൻസ്‌കി ഉൾപ്പെടെയുള്ള ലോക നേതാക്കളുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്താനിടയുണ്ട്.