മകളെ കൊലപ്പെടുത്തിയ ശേഷം പുതിയ സാരിയുടുപ്പിച്ചു, നെറ്റിയിൽ ചന്ദനം തൊട്ടു; പിന്നാലെ പിതാവ് ജീവനൊടുക്കി

Thursday 14 August 2025 9:51 AM IST

പളനി: മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കണക്കംപട്ടിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കെട്ടിട നിർമാണ തൊഴിലാളിയായ പളനിയപ്പൻ (55) ആണ് മകൾ ധനലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

ഭാര്യയും മൂന്നുമക്കളുമാണ് പളനിയപ്പന് ഉള്ളത്. ഭാര്യയും മറ്റുമക്കളും തിരുച്ചന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയം പളനിയപ്പനും ധനലക്ഷ്മിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ധനലക്ഷ്മിയുടെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം അതേ കയറിൽ പളനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരണാനന്തര ചടങ്ങുകൾ ചെയ്യുന്നതുപോലെ മകളെ കൊലപ്പെടുത്തിയ ശേഷം പുതിയ സാരി ഉടുപ്പിച്ചിരുന്നു. നെറ്റിയിൽ ചന്ദനം പുരട്ടി. പളനിയപ്പനെ വിളിച്ചിട്ട് കിട്ടാതായതോടെ ഭാര്യ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.