'ആർത്തവ രക്തം വെളളത്തിൽ കലർന്നു? യുവതിയെ പൂളിലിട്ട് വകവരുത്തി കൊലയാളി തിമിംഗലം'; സംഭവത്തിനു പിന്നിൽ

Thursday 14 August 2025 11:04 AM IST

മെക്‌സിക്കോ സിറ്റി: കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഒരു മറൈൻ പരിശീലകയെ ഓർക്ക (കൊലയാളി തിമിംഗലം) കാണികളുടെ മുന്നിലിട്ട് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജെസീക്ക റാഡ്ക്ലിഫ് എന്ന യുവതിക്ക് പസഫിക് ബ്ലു മറൈൻ പാർക്കിൽ ദാരുണാന്ത്യം സംഭവിച്ചെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഞെട്ടലുളവാക്കുന്ന തരത്തിലുളള ദൃശ്യങ്ങളാണ് ഇതിനോടകം തന്നെ പ്രചരിച്ചത്.

കാണികൾക്ക് മുന്നിൽ പൂളിൽ ഓർക്കയെ യുവതി പരിശീലിപ്പിക്കുന്നത് കാണാം. ഓർക്കയെ യുവതി ലാളിക്കുന്നത് കാണുമ്പോൾ കാണികൾ ആവേശത്തോടെ കൈയടിക്കുകയായിരുന്നു. പെട്ടെന്നായിരുന്ന ഓർക്ക യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തുന്നത്. ജെസീക്കയുടെ സഹായികൾ തടയാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതായിരുന്നു പ്രധാനമായും വീഡിയോകളിലൂടെ പ്രചരിച്ചത്. ലോകമൊട്ടാകെ ഈ സംഭവം വിശ്വസിച്ചിരിക്കുകയാണ്. എന്നാലിപ്പോൾ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമമായ ഇന്റർനാഷണൽ ബിസിനസ് ടൈംസ് (ഐബി​ടി).

സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുളള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ജെസീക്ക റാഡ്ക്ലിഫ് എന്നൊരു യുവതി ഉണ്ടോയെന്നുപോലും സ്ഥിരീകരിച്ചിട്ടില്ല. മറൈൻ പാർക്ക് ജീവനക്കാരിൽ ജെസീക്ക റാഡ്ക്ലിഫ് എന്നൊരാൾ ഇല്ലെന്ന് മ​റ്റൊരു മാദ്ധ്യമവും കണ്ടെത്തി. ഐബിടി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പഴയ ഒരു വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി മാ​റ്റിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ആർത്തവരക്തം പൂളിലെ ജലത്തിൽ കലർന്നത് ഓർക്കെയ പ്രകോപിപ്പിച്ചെന്നും അതുകൊണ്ടാണ് യുവതിയെ കൊന്നതെന്നും ചില വാദങ്ങൾ ഉയർന്നിരുന്നു. ഇതിൽ ശാസ്ത്രീയപരമായി യാതൊരു ബന്ധവുമില്ലെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ഇതിനുമുൻപ് ഓർക്കയുടെ ആക്രമണത്തിൽ മറൈൻ പരിശീലകർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 2010ൽ ഫ്‌ളോറിഡയിൽ ഒരു ഓർക്കയുമായുളള ഏ​റ്റുമുട്ടലിൽ സീ വേൾഡ് പരിശീകനായ ഡോൺ ബ്രഞ്ചോയ്ക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. കഴിഞ്ഞ വർഷം ടെനറൈഫിലെ മറൈൻ പാർക്കിലുണ്ടായ അപകടത്തിൽ സ്പാനിഷ് പരിശീലകൻ അലക്സിസ് മാർട്ടിനെസും മരിച്ചിരുന്നു.