'അന്ന് ഞാൻ കിടന്നത് റിപ്പർ ചന്ദ്രൻ കഴിഞ്ഞിരുന്ന മുറിയിൽ, ഒരാളെ  തൂക്കിലേറ്റിയ കയറാണ് എന്റെ കഴുത്തിലിട്ടത്'

Thursday 14 August 2025 11:12 AM IST

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. നടന്റെ സിനിമകൾ ഒന്നും തന്നെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു ചിത്രമാണ് 'സദയം'. 1992ൽ റിലീസ് ചെയ്ത ചിത്രം സിബി മലയിലാണ് സംവിധാനം ചെയ്തത്. തിരക്കഥ എംടി വാസുദേവൻ നായരും. ചിത്രത്തിൽ തൂക്കുകയർ അഥവാ മരണശിക്ഷ കാത്തുകഴിയുന്ന ഒരു തടവുകാരന്റെ വേഷമായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്.

ചിത്രത്തിൽ താൻ അനുഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് ഒരിക്കൽ മോഹൻലാൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. അതാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. രണ്ട് പെൺകുട്ടികളുടെയും രണ്ട് പുരുഷന്മാരെയും മരണത്തിന് കാരണക്കാരനായ സത്യനാഥൻ എന്ന കൊലപാതകിയുടെ വേഷമായിരുന്നു മോഹൻലാൽ ചെയ്തത്. സത്യനാഥന് വേണ്ടി തിരഞ്ഞെടുത്ത ജയിൽ ഒരിക്കൽ റിപ്പർ ചന്ദ്രൻ കഴിഞ്ഞിരുന്നതായിരുന്നുവെന്നു മോഹൻലാൽ പറയുന്നു. തൂക്കികൊല്ലുന്ന രംഗത്തിൽ ഉപയോഗിച്ച തൂക്കുകയർ പോലും സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയതല്ല. ഷൂട്ടിംഗ് നടക്കുന്നതിന് 13 വർഷങ്ങൾക്ക് മുൻപ് ഒരു കുറ്റവാളിയെ കഴുവിലേറ്റാൻ ഉപയോഗിച്ച യഥാർത്ഥ കയർ ആയിരുന്നു അതെന്നും നടൻ വ്യക്തമാക്കി.

'സദയം സിനിമ ഷൂട്ട് ചെയ്തത് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. ഞാൻ കിടന്നിരുന്ന ജയിലറയിൽ ആയിരുന്നു ഒരിക്കൽ തൂക്കുകയർ വിധിക്കപ്പെട്ട റിപ്പർ ചന്ദ്രൻ ഉണ്ടായിരുന്നത്. അയാൾക്ക് മുൻപേ ബാലകൃഷ്ണൻ എന്ന് പേരുള്ള ഒരാളായിരുന്നു അവിടെ. ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാൻ കഴിയും എന്നതാണ് കണ്ണൂർ സെൻട്രൽ ജയിലിന്റെ സവിശേഷത. എന്റെ കഴുത്തിൽ ചുറ്റും വച്ച തൂക്കുകയർ ശരിക്കും 13 വർഷങ്ങൾക്ക് മുൻപ് ഒരാളെ തൂക്കിലേറ്റാൻ ഉപയോഗിച്ചിരുന്നതായിരുന്നു. എത്ര അഭിനേതാക്കൾക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയില്ല'- മോഹൻലാൽ പറഞ്ഞു.