ഹിമാചൽ പ്രദേശിൽ വീണ്ടും മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും; കനത്ത നാശനഷ്ടം, 323 റോഡുകളും സ്‌കൂളുകളും അടച്ചു
ഷിംല: ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാൾ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുളു, ഷിംല, ലാഹുൽ-സ്‌പിതി തുടങ്ങിയ ജില്ലകളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. കിനാവൂർ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശ്രീഖണ്ഡ് മഹാദേവ് മലനിരകളിലാണ് മേഘവിസ്‌ഫോടനമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മണ്ഡിയിലുള്ള താത്‌കാലിക പാലം കടക്കുന്നതിനിടെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടാണ് ഒരാൾ മരിച്ചത്. ഭാൻവാസ് ഗ്രാമവാസിയായ പുരൻ ചന്ദ് ആണ് മരിച്ചത്. നൂറ് മീറ്ററോളം ഇയാൾ ഒഴുകിപ്പോയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് കുളുവിലെ ബാഗിപൂർ ബസാർ ഒഴിപ്പിച്ചു. കുളുവിലെ ബതാഹർ ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വാഹനങ്ങൾ ഒഴുകിപ്പോവുകയും നാല് കോട്ടേജുകൾ തകരുകയും ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന് തീർത്ഥൻ നദി കരവിഞ്ഞൊഴുകിയതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു. നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
ലാഹുൽ-സ്‌പിതിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദോദൻ, ചാംഗുട്ട്, ഉഡ്‌ഗോസ്, കർപത് തുടങ്ങിയ ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. വീടുകൾ തകർന്നു. വെള്ളപ്പൊക്കത്തിൽ പല വീടുകളിലും കല്ലും മണ്ണും കയറി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ സ്‌കൂളുകളും കുറച്ച് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് ലാഹുൽ-സ്‌പിതി എംഎൽഎ അനുരാധ റാണ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ചാംഗുട്ട്, ഉഡ്‌ഗോസ് പാലങ്ങൾ ഒലിച്ചുപോയതായും അധികൃതർ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിലുടനീളമുള്ള 323 റോഡുകൾ അടച്ചു. 130 ജലസ്രോതസുകളിലും 79 ട്രാൻസ്‌ഫോർമറുകളിലും പ്രവർത്തനം നിലച്ചതായും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. കഴിഞ്ഞ മാസവും ഹിമാചലിൽ മേഘവിസ്‌ഫോടവും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. അനേകം പേർക്ക് ജീവൻ നഷ്ടമായി. കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്.