ചെന്നൈ- ആലപ്പുഴ എക്സ്പ്രസിന്റെ കോച്ചിൽ അഴുകിയ നിലയിൽ മൃതദേഹം, നാടോടി സ്ത്രീയാണെന്ന് സംശയം
ചെന്നൈ: ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ കോച്ചിൽ അജ്ഞാത സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസം മുമ്പ് ചെന്നൈ - ആലപ്പുഴ എക്സ്പ്രസിൽ നിന്ന് അറ്റകുറ്റപ്പണികൾക്കായി മാറ്റിയ കോച്ചിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ടോയ്‌ലറ്റുകളിലേയും ഫാനിന്റെയും തകരാറുകൾ കാരണം കോച്ച് യാർഡിലേക്ക് മാറ്റിയിട്ടിരിക്കുകയായിരുന്നു.
50 വയസ്സ് പ്രായം തോന്നിക്കുന്ന ഭിക്ഷാടനം നടത്തുന്ന നാടോടി സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് നിഗമനം. ഏഴ് ദിവസം മുമ്പെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. ഫാനുകൾ തകരാറിലായതിനാൽ കോച്ച് ഒരു ആഴ്ചയിലേറെയായി നിശ്ചലമായിരുന്നു. അതിൽ നിന്ന് പുറപ്പെട്ട ദുർഗന്ധത്തെ തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊച്ചിയിൽ വച്ച് ഇവർ ട്രെയിനിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം നടന്നുവരികയാണ്.