ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞ് സീനിയേഴ്‌സിന്റെ മർദനം; കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർത്ഥിയുടെ തോളെല്ലിന് പരിക്ക്

Thursday 14 August 2025 12:34 PM IST

കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് റാഗ് ചെയ്‌തെന്ന് പരാതി. കോഴിക്കോട് സിറ്റിയിലെ സ്‌കൂളിലാണ് സംഭവം. ഓണാഘോഷ പരിപാടിക്ക് മുണ്ട് ഉടുക്കരുതെന്ന് പറഞ്ഞായിരുന്നു പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതെന്ന് പ്ലസ് വൺ വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു.

കയ്യിലും കഴുത്തിലും പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. സമൂഹമാദ്ധ്യമ അക്കൗണ്ട് ആരംഭിച്ചതിന്റെ പേരിലും പ്ലസ്ടുക്കാർ മർദിച്ചിട്ടുണ്ടെന്നും ഇത് പതിവായി സംഭവിക്കുന്നതാണെന്നും മറ്റ് വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

പരിക്കേറ്റ കുട്ടിയുടെ പിതാവ് കസബ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 15 കുട്ടികളടങ്ങുന്ന സംഘമാണ് മകനെ ആക്രമിച്ചതെന്നും ഇവർക്കെതിരെ മുമ്പും മറ്റ് വിദ്യാർത്ഥികൾ പരാതിപ്പെട്ടിട്ടുണ്ടെന്നും പിതാവിന്റെ പരാതിയിൽ പറയുന്നുണ്ട്. തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും സീനിയേഴ്‌സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് ആക്രമിച്ചതെന്നും പരിക്കേറ്റ വിദ്യാർത്ഥി പറയുന്നു.