'ട്രംപ് ജനാധിപത്യത്തിന്റെ സ്വയം പ്രഖ്യാപിത മിശിഹ, യുഎസ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം'- ആർഎസ്‌എസ് മുഖപത്രം
ന്യൂഡൽഹി: അമേരിക്കയെ നിശിതമായി വിമർശിച്ച് ആർഎസ്‌എസ് മുഖപത്രമായ ഓർഗനൈസർ. ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വ്യാജേന യുഎസ് ഭീകരതയും സ്വേച്ഛാധിപത്യവും പ്രചരിപ്പിക്കുകയാണെന്നാണ് പ്രസിദ്ധീകരണം അവകാശപ്പെടുന്നത്. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധങ്ങളും തീരുവകളും മറ്റു രാഷ്ട്രങ്ങളുടെ പരമാധികാരത്തിൽ ഇടപെടാനും ദുർബലപ്പെടുത്താനുമുള്ള പുതിയ ഉപകരണങ്ങളായി മാറിയിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ട്രംപ് ജനാധിപത്യത്തിന്റെ സ്വയംപ്രഖ്യാപിത മിശിഹയെന്നും ഓർഗനൈസർ മുഖപ്രസംഗം വിമർശിച്ചു. കേന്ദ്രം യുഎസുമായി അടുത്ത ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന സമയത്താണ് വിമർശനം ഉയരുന്നത്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങൾ അപ്രസക്തമാണെന്നും രാജ്യത്തെ ചില രാഷ്ട്രീയ നേതാക്കൾ കോളനിവൽക്കരണത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നുണ്ടെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
യുക്രെയ്ൻ സംഘർഷത്തിനിടയിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെത്തുടർന്ന് ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ 50ശതമാനമായി വർദ്ധിപ്പിച്ചിരുന്നു. സമയപരിധിക്ക് മുമ്പ് യുഎസുമായി ഒരു വ്യാപാര കരാറിനായി ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സെപ്തംബറിൽ യുഎൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോട്ടുകൾ. താരിഫ് ഉൾപ്പെടെയുള്ള വ്യാപാര വിഷയങ്ങൾ ചർച്ച ചെയ്തേക്കാം. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ചുമത്തിയ തീരുവകളുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിൽ വഷളായ ബന്ധം ലഘൂകരിക്കുകയാണ് മോദിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.