ഹോൺ അടിച്ചിട്ടും മാറിയില്ല, ട്രെയിനിന് മുന്നിലേക്ക് ചാടിയ സഹോദരിമാർക്ക് ദാരുണാന്ത്യം

Thursday 14 August 2025 1:28 PM IST

ലഖ്‌നൗ: കൈകൾ കോർത്ത് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയ സഹോദരിമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാർത്ഥിനി രശ്മി യാദവ് (18), 11-ാം ക്ലാസ് വിദ്യാർത്ഥിനി മുസ്‌കാൻ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 10:30 ഓടെയാണ് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. കൽക്കയിൽ നിന്ന് ഹൗറയിലേക്കുള്ള നേതാജി എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്.

ഇവര്‍ പാളത്തിൽ കയറി നിൽക്കുകയായിരുന്നുവെന്നാണ് ഇടിച്ച ട്രെയിനിന്റെ ലോക്കോ പൈലറ്റ് വ്യക്തമാക്കിയിട്ടുള്ളത്. ഹോണ്‍ അടിച്ചിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നൽകി. ഇരുവരും തൽക്ഷണം മരിച്ചു. ആർ‌പി‌എഫ്, ജി‌ആർ‌പി, ഉദ്യോഗസ്ഥർ പിന്നീട് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചു. രശ്മിയുടെ സഹോദരൻ മോഹിത് യാദവിനെ ജി‌ആർ‌പി സംഘം ചോദ്യം ചെയ്തതിന് ശേഷമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

അപകടത്തിന് ശേഷം ഏകദേശം പത്ത് മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. ആത്മഹത്യയുടെ കാരണം വെളിപ്പെടുത്താൻ കുടുംബം തയ്യാറായിട്ടില്ല. അതിദാരുണമായ ഒരു അപകടം നടന്നിട്ടും കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സഹോദരിമാർ തമ്മിൽ കുടുംബവുമായി ഉണ്ടായ തർക്കത്തെക്കുറിച്ചോ ആത്മഹത്യ ചെയ്യാൻ പ്രേരണയായ കാരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും തന്നെ കുടുംബം പങ്കിടാൻ തയ്യാറായിട്ടില്ല. രശ്മി, മുസ്കൻ, മോഹിത് എന്നിവരെ കൂടാതെ, കുടുംബത്തിന് മറ്റ് രണ്ട് പെൺമക്കളുണ്ട്. എല്ലാ സഹോദരങ്ങളിലും മൂത്തയാളായിരുന്നു മുസ്കൻ.