മന്ത്രി വീണാ ജോർജിനെ വിമർശിച്ചു, സിപിഎം പ്രവർത്തകർക്കെതിരെ കടുത്ത നടപടി

Thursday 14 August 2025 2:40 PM IST

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമ‌ർശിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട സിപിഎം പ്രവർത്തകർക്കെതിരെ നടപടി. ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗം എൻ രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം പി ജെ ജോൺസൺ എന്നിവർക്കെതിരെയാണ് നടപടി. എൻ രാജീവിനെ ലോക്കൽ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്‌ത്തി. പി ജെ ജോൺസണെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച ദിവസം മന്ത്രിയെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ വിമർശനം. 'കുട്ടിയായിരിക്കെ ഞാൻ ക്ളാസ് പരീക്ഷാദിവസം വയറുവേദന എന്ന് കളവുപറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെ പരീക്ഷകളിൽ നിന്ന് രക്ഷപ്പെട്ടു. ഇവിടെ ചോദ്യങ്ങളിൽ നിന്നും'- എന്നാണ് എൻ രാജീവ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.

കൂടുതൽ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമാണ് പി ജെ ജോൺസൺ പോസ്റ്റിട്ടത്. എംഎൽഎയായി ഇരിക്കാൻ പോലും മന്ത്രിക്ക് അർഹതയില്ലെന്നും ജോൺസൺ പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് ഇരുവർക്കുമെതിരെ ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലായ് മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിലെ 68 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള അടച്ചിട്ടിരുന്ന ടോയ്‌‌ലറ്റ് ഭാഗം തകർന്നുവീണ് വീട്ടമ്മ മരിച്ചത്. തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേൽ വിശ്രുതന്റെ ഭാര്യയും വസ്ത്രശാല ജീവനക്കാരിയുമായ ഡി.ബിന്ദുവാണ് (52) മരിച്ചത്. മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട് സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.