എത്ര നാൾ വേണമെങ്കിൽ ഇനി പച്ചമുളക് ഫ്രഷായി ഇരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മാത്രം മതി

Thursday 14 August 2025 2:42 PM IST

എല്ലാവരുടെയും അടുക്കളയിൽ കാണുന്ന ഒന്നാണ് പച്ചമുളക്. മിക്ക കറികളിലും എരിവിനും രുചിയ്ക്കും വേണ്ടി നാം പച്ചമുളക് ചേർക്കാറുണ്ട്. വിറ്റാമിനുകളുടെയും കോപ്പർ, അയൺ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെയും മികച്ച ഒരു കലവറയാണ് പച്ചമുളക്. ഇതിൽ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ ഉറവിടവുമാണ്. അതുകൊണ്ട് പച്ചമുളക് കഴിച്ചാൽ നിങ്ങളുടെ ചർമ്മം മികച്ച ആരോഗ്യമുള്ളതും തിളക്കമുള്ളതുമായി മാറും.

കൂടാതെ പച്ചമുളകിൽ വിറ്റാമിൻ സിയും നാരുകളും ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച തകരാറുകൾക്കെല്ലാം പച്ചമുളക് ഗുണപ്രദമാണ്. മിക്കപ്പോഴും ഫ്രിഡ്ജിലാണ് നാം പച്ചമുളക് സൂക്ഷിക്കുന്നത്. പക്ഷേ പലപ്പോഴും വളരെ പെട്ടെന്ന് തന്നെ പച്ചമുളക് നശിക്കുന്നു. പുറത്തുവച്ചാൽ ഇവ വാടിപോകുകയും ചെയ്യും. പച്ചമുളക് ശരിയായി സൂക്ഷിച്ചാൽ ദിവസങ്ങളോളം നശിക്കാതെ ഇരിക്കും. അതിന് ഒരു സിമ്പിൾ ഐഡിയ ഉണ്ട്. അത് നോക്കിയാലോ?

ആദ്യം പച്ചമുളകിന്റെ തണ്ട് കളയുക. ശേഷം കീടനാശിനികളും മറ്റും കളയാൻ മഞ്ഞൾ വെള്ളത്തിൽ ഇട്ട് കഴുകിയെടുക്കുക. എന്നിട്ട് ഒരു കോട്ടൻ ടവ്വൽ ഉപയോഗിച്ച് വെള്ളം കളഞ്ഞ് നല്ലപോലെ തുടച്ചെടുക്കണം. എന്നിട്ട് ഒരു സിപ് ലോക്ക് കവർ എടുത്ത് അതിലേക്ക് പച്ചമുളക് ഇട്ട് വയ്ക്കണം. തൊലി കളഞ്ഞ രണ്ട് അല്ലി വെളുത്തുള്ളി കൂടി ഇതിലേക്ക് ഇട്ട് കവർ അടച്ച് വയ്ക്കാം. ശേഷം ഈ കവർ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക. എത്രനാൾ വേണമെങ്കിൽ മുളക് കേടാവാതെ ഇരിക്കും.