ഉണർന്നെങ്കിൽ ജീവൻ പോയേനെ! കയ്യിൽ ഇരുമ്പ് വടിയുമായി കള്ളന്മാർ; ഹൈക്കോടതി മുൻ ജ‌ഡ്‌ജിയുടെ വീട്ടിൽ വൻ കവർച്ച

Thursday 14 August 2025 3:08 PM IST

ഭോപ്പാൽ: ഗുവാഹത്തി ഹൈക്കോടതി മുൻ ജ‌ഡ്‌ജി രമേശ് ഗാർഗിന്റെ വീട്ടിൽ വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ലക്ഷക്കണക്കിന് രൂപയും സ്വർണവും വിലപിടിപ്പുള്ള വസ്‌തുക്കളും കവർന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏകദേശം 20 മിനിട്ട് സമയമാണ് കവർച്ചക്കാർ വീട്ടിനുള്ളിൽ ചെലവഴിച്ചത്. മുഖംമൂടി മാത്രമല്ല കയ്യുറകളും ഇവർ ധരിച്ചിരുന്നു. മൂന്ന് മോഷ്‌ടാക്കളെയാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ആദ്യം ജഡ്‌ജിയുടെ കിടപ്പുമുറിയിലേക്ക് ഒരാൾ കയറി അലമാരയിൽ നിന്നും ഓരോ സാധനങ്ങളായി എടുക്കാൻ തുടങ്ങി. മറ്റൊരാൾ ഇരുമ്പ് വടിയുമായി രമേശ് ഗാർഗിന്റെ സമീപത്ത് നിൽക്കുന്നുണ്ട്. മൂന്നാമത്തെയാൾ പുറത്ത് കാവൽ നിൽക്കുന്നതും കാണാം.

രമേശും കുടുംബവും നല്ല ഉറക്കത്തിലായതിനാൽ മോഷണം നടന്ന വിവരം അറിഞ്ഞിരുന്നില്ല. ഒരുപക്ഷ, ഉണർന്നിരുന്നെങ്കിൽ ഇവർക്ക് ജീവൻ പോലും നഷ്‌ടമായേനെ. ഇതേദിവസം തന്നെ സമീപ പ്രദേശങ്ങളിലെ പല വീടുകളിലും കവർച്ച നടന്നു. സംഘടിതമായി മോഷണം നടത്തുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉമാകാന്ത് ചൗധരി പറഞ്ഞു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചത്. സംശയം തോന്നിയ പലരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ചൗധരി വ്യക്തമാക്കി.