ജമ്മു കാശ്‌മീരിൽ കനത്ത മേഘവിസ്‌ഫോടനം; പത്തുപേർ മരിച്ചതായി റിപ്പോർട്ട്, വൻ നാശനഷ്ടം

Thursday 14 August 2025 3:08 PM IST

ശ്രീനഗർ: ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു. മേഘവിസ്‌ഫോടനത്തെത്തുടർന്ന് മച്ചൈൽ മാതാ യാത്ര റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

പാദറിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. അപകടവുമായി ബന്ധപ്പെട്ട് കിഷ്‌ത്വാർ കളക്‌ടർ പങ്കജ് കുമാർ ശർമയുമായി സംസാരിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ചോസോതി മേഖലയിൽ കാര്യമായ ആൾനാശത്തിന് കാരണമായേക്കാവുന്ന കനത്ത മേഘവിസ്‌ഫോടനമാണുണ്ടായത്. ഭരണകൂടം രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, പ്രാദേശിക ഭരണകൂടം, പൊലീസ്, സൈന്യം, എൻഡിആർഎഫ്, എസ്‌ഡിആർഎർഫ് എന്നിവരോട് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനും നിർദേശം നൽകി.