കാമുകന് സന്ദേശമയച്ചതിന് പിന്നാലെ കൊലപാതകം, അരുംകൊലയുടെ ചുരുളഴിച്ചത് പൊലീസിനുണ്ടായ സംശയം
അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിൽ പതിനെട്ടുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊല. 'തന്നെ രക്ഷിക്കൂ' എന്ന് കാമുകന് ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് യുവതിയെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന തുടക്കത്തിലെ നിഗമനം പിന്നീട് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഗുജറാത്തിലെ തരാഡ് സ്വദേശിനി ചന്ദ്രിക ചൗധരി ആണ് കൊല്ലപ്പെട്ടത്.
പിതാവ് സേതാഭായ് പട്ടേൽ, അമ്മാവൻ ശിവഭായ് പട്ടേൽ എന്നിവർ ചേർന്നാണ് ചന്ദ്രികയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായെന്നും സേതാഭായ് ഒളിവിലാണെന്നും എഎസ്‌പി സുമൻ നല അറിയിച്ചു. ചന്ദ്രിക ഹരീഷ് ചൗധരി എന്നയാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തെ പെൺകുട്ടിയുടെ കുടുംബം എതിർത്തിരുന്നു. പെൺകുട്ടിയെ മറ്റൊരാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു കുടുംബത്തിന് താത്‌പര്യം. ഇതുമനസിലാക്കിയ പെൺകുട്ടി വിവരം ഹരീഷിനെ അറിയിച്ചു. ജീവൻ അപകടത്തിലാണെന്ന് മനസിലായതോടെയാണ് തന്നെ രക്ഷിക്കാൻ ചന്ദ്രിക കാമുകന് സന്ദേശമയച്ചത്. തന്നെ രക്ഷിക്കണമെന്നും വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ വീട്ടുകാർ തന്നെ കൊലപ്പെടുത്തുമെന്നുമാണ് പെൺകുട്ടി സന്ദേശമയച്ചത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചന്ദ്രികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പെൺകുട്ടി ജീവനൊടുക്കിയതാണെന്നാണ് വീട്ടുകാർ ബന്ധുക്കളെയും നാട്ടുകാരെയും ധരിപ്പിച്ചത്. എന്നാൽ ചന്ദ്രികയെ കൊലപ്പെടുത്തിയതാണെന്ന് കാട്ടി ഹരീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പിതാവും അമ്മാവനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കുമുൻപ് ചന്ദ്രിക ഹരീഷിനൊപ്പം പോയിരുന്നു. തുടർന്ന് വീട്ടുകാർ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകി. പിന്നാലെ പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് വീട്ടുകാർക്കൊപ്പം അയച്ചു. തന്നെ വീട്ടുകാർ അപായപ്പെടുത്തുമെന്ന് ചന്ദ്രിക അറിയിച്ചതിനെത്തുടർന്ന് ഹരീഷ് കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. എന്നാൽ കോടതിയിൽ വാദം കേൾക്കുന്നതിന് മുൻപ് ചന്ദ്രിക മരണപ്പെട്ടു. ഇതിനിടെ മകളുടേത് സ്വാഭാവിക മരണമാണെന്ന് കാട്ടി വീട്ടുകാർ സർട്ടിഫിക്കറ്റും ഹാജരാക്കി. എന്നാൽ ഇതിൽ സംശയം ബലപ്പെട്ട ഹരീഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സ്വാഭാവിക മരണമായാലും വീട്ടുകാർ ഡോക്ടറുടെ സഹായം തേടും. എന്നാൽ ഇവിടെ അതുണ്ടായില്ല. മൃതദേഹം ധൃതിപ്പെട്ട് സംസ്‌കരിക്കുകയായിരുന്നു. സംസ്‌കാരച്ചടങ്ങ് ചന്ദ്രികയുടെ സഹോദരനെപ്പോലും അറിയിച്ചില്ല. ഇതാണ് സംശയത്തിനിടയാക്കിയത്. ഉറക്കഗുളികകൾ നൽകിയതിനുശേഷം ചന്ദ്രികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.