'ഷമി സ്‌ത്രീലമ്പടൻ, സ്വന്തം കുഞ്ഞിനെ പോലും തിരിഞ്ഞുനോക്കുന്നില്ല'; വീണ്ടും ആരോപണവുമായി മുൻ ഭാര്യ

Thursday 14 August 2025 4:44 PM IST

ലക്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. മകൾ ആര്യയുടെ കാര്യങ്ങളൊന്നും ഷമി ശ്രദ്ധിക്കുന്നില്ലെന്നും പകരം പെൺസുഹൃത്തിന്റെ മക്കൾക്കും കുടുംബത്തിനുമാണ് മുൻഗണന നൽകുന്നതെന്നുമാണ് ഹസിൻ ജഹാൻ സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചിരിക്കുന്നത്. ഹസിനും മകൾക്കും ജീവിത ചെലവിനായി ഷമി പ്രതിമാസം നാല് ലക്ഷം രൂപ നൽകണമെന്ന് കൊൽക്കത്ത ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിൽ രണ്ടര ലക്ഷം രൂപ മകളുടെ പഠനാവശ്യങ്ങൾക്കും ചെലവിനുമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, മകൾ ആര്യയ്‌ക്ക് ഒരു പ്രമുഖ സ്‌കൂളിൽ അഡ്‌മിഷൻ ലഭിച്ചപ്പോൾ അത് മുടക്കാൻ ചില ശത്രുക്കൾ ശ്രമിച്ചുവെന്നും ഹസിൻ ആരോപിച്ചു. തന്റെ മകൾ നല്ല സ്‌കൂളിൽ പഠിക്കുന്നത് ശത്രുക്കൾക്ക് ഇഷ്‌ടപ്പെടുന്നില്ല. പക്ഷേ, അള്ളാ ഇടപെട്ട് അവരുടെ പദ്ധതികൾ പൊളിച്ചുവെന്നും ഹസിൻ പറഞ്ഞു. മുൻ ഭർത്താവ് കോടിപതിയായിട്ടും തങ്ങളുടെ ജീവിതം വച്ച് കളിക്കുകയാണ്. നിരവധി സ്‌ത്രീകളുമായി ബന്ധമുള്ള ഷമി സ്‌ത്രീലമ്പടൻ ആണെന്നും ഹസിൻ കുറ്റപ്പെടുത്തി. സ്വന്തം മകളെ തിരിഞ്ഞുനോക്കാത്ത ഷമി കാമുകിയ്ക്കും മകള്‍ക്കും ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുത്ത് നല്‍കി ധാരാളിത്തം കാണിക്കുകയാണെന്നും ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.