രേണുകാ സ്വാമി കൊലക്കേസ്; സുപ്രീം കോടതി ജാമ്യം റദ്ദാക്കിയ കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ

Thursday 14 August 2025 5:18 PM IST

ബംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ സൂപ്പർ സ്റ്റാർ ദർശൻ തൂഗുദീപയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കിയതോടെ മണിക്കൂറുകൾക്കുള്ളിൽ നടൻ അറസ്റ്റിലായി. ബംഗളൂരു പൊലീസാണ് അറസ്റ്റു ചെയ്തത്. ബംഗളൂരുവിലെ ഹൊസകെരെഹള്ളിയിലെ ഭാര്യ വീട്ടിലേക്ക് പോയി ഭാര്യയെയും മകനെയും കാണുന്നതിനിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതിരിക്കാൻ ഇയാൾ എക്സിറ്റ് ഗേറ്റിലൂടെയായിരുന്നു അകത്തുകടന്നത്.

നേരത്തെ നടന് നൽകിയ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. താരത്തെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടികാണിച്ചത്. നടി പവിത്ര ഗൗ‍ഡ ഉൾപ്പെടെ ആറ് പേരുടെ ജാമ്യവും കോടതി റദ്ദാക്കിയിട്ടുണ്ട്.

സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെത്തുടന്നാണ് രേണുക സ്വാമിയെ ദർശൻ കൊലപ്പെടുത്തിയത്. 2024 ഒക്ടോബർ 30ന് കർണാടക ഹൈക്കോടതി ദർശന് ജാമ്യം അനുവദിച്ചിരുന്നു.