'ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചു, യുഎസുമായുള്ള ബന്ധം മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ'
ന്യൂഡൽഹി: താരിഫ് സംഘർഷങ്ങൾക്കിടയിൽ യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വീണ്ടും ഊട്ടിയുറപ്പിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഇന്ത്യൻ ഇറക്കുമതികൾക്ക് 50% തീരുവ ഏർപ്പെടുത്തിയെങ്കിലും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം രാജ്യത്തിന്റെ പ്രതിബദ്ധതയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചു. പരസ്പര ബഹുമാനവും പൊതുവായ താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധം മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഇറക്കുമതികൾക്ക് യുഎസ് 50ശതമാനം തീരുവ ഏർപ്പെടുത്തിയത്. കേന്ദ്രസർക്കാർ അമേരിക്കയുടെ ഈ നീക്കത്തെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ലെന്നാണ് തുറന്നടിച്ചത്. ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അമേരിക്കയുടെ ചുങ്കത്തിനെതിരെ ഇന്ത്യ മറുപടി നൽകിയിരുന്നു.
എന്നാൽ ഇന്ത്യയുടെയും യുഎസിന്റെയും പൊതു താൽപ്പര്യങ്ങൾ, ജനാധിപത്യ മൂല്യം, ജനങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധം എന്നിവയിൽ നങ്കൂരമിട്ട സമഗ്രമായ ആഗോള തന്ത്രപരമായ പങ്കാളിത്തത്തെ ചൂണ്ടിക്കാട്ടി മന്ത്രാലയം താരിഫ് പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്.
ഈ പങ്കാളിത്തം നിരവധി പരിവർത്തനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുവെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് മദ്ധ്യത്തിൽ ഒരു യുഎസ് പ്രതിരോധ നയ സംഘം ഡൽഹിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. സംയുക്ത സൈനികാഭ്യാസത്തിന്റെ 21-ാം പതിപ്പായ യുദ്ധ് അഭ്യാസ് ഈ മാസം അവസാനം അലാസ്കയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മാസാവസാനത്തോടെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.