നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് പടികടന്നെത്തിയത് കൃഷി വകുപ്പിന്റെ പുരസ്കാരം

Friday 15 August 2025 6:16 AM IST

കാട്ടാക്കട: കൃഷി വകുപ്പിന്റെ സംസ്ഥാനത്തെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിലെ തടവുകാരും ജീവനക്കാരും.പൊതുമേഖലാ വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് ഓപ്പൺ ജയിലിന് ലഭിച്ചത്.രണ്ട് മേഖലകളിലായി 270 ഏക്കർ വിസ്തൃതിയുള്ള സമ്മിശ്ര കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്.

പച്ചക്കറികൾ,പഴവർഗങ്ങൾ,കിഴങ്ങ്,തീറ്റപ്പുല്ല്,മഞ്ഞൾ,റബർ നഴ്സറി,കുരുമുളക്,കശുമാവ്,ഫല വൃക്ഷങ്ങൾ,കരിമ്പ്,കൂൺ ഇതിന് പുറമെ മത്സ്യം,ആട്,പശു,എരുമ,തേനീച്ച വളർത്തൽ എന്നിങ്ങനെ നീളുന്നു പട്ടിക. ഡ്രാഗൺ ഫ്രൂട്ട്,വാനില എന്നിവയുടെ കൃഷിയും തുറന്ന ജയിലിലെ പ്രത്യേകതയാണ്.

രണ്ടര കോടിയോളം രൂപയുടെ വാർഷിക വരുമാനമാണ് ഇതിലൂടെ തുറന്ന ജയിൽ നേടുന്നത്.ഹൈബ്രിഡ് കൃഷി രീതിയാണ് പിന്തുടരുന്നതിനാൽ മികച്ച വിളവ് ലഭിക്കുന്നു.വന്യമൃഗ ശല്യം,പ്രതികൂല കാലവസ്ഥ എന്നിവ കൃഷിക്ക് വെല്ലുവിളികളാണ്.വിപണി കണ്ടെത്തുന്നതും മറ്റൊരു വെല്ലുവിളിയാണ്.ഇവയൊക്കെ അതിജീവിച്ചാണ് തുറന്ന ജയിലിലെ കൃഷിയിൽ വിജയം കൊയ്യുന്നതെന്ന് സൂപ്രണ്ട് എസ്.സജീവ് പറഞ്ഞു.

കൃഷി ഒരു വരുമാനം മാത്രമല്ല.കേന്ദ്രത്തിലെ 350 ഓളമുള്ള അന്തേവാസികൾക്ക് കൃഷിയിൽ അറിവ് നൽകുന്നതിനും,​ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഉപജീവനത്തിനും ഇത് ഉപകരിക്കും.

ഡബ്ല്യു.ആർ.അജിത്‌സിംഗ്,​കൃഷി ഓഫീസർ