കൂൺകൃഷിയിൽ വിപ്ലവം തീർത്ത് നന്ദിയോട്ടെ കർഷകർ

Friday 15 August 2025 1:06 AM IST

പാലോട്: കൂൺകൃഷിയിൽ മാതൃകയൊരുക്കുകയാണ് നന്ദിയോട്ടെ കർഷകർ. കൂൺ രുചിയിലും പോഷക ഗുണത്തിലും സമ്പൂർണ ആഹാരമാണ്. കമ്പോസ്റ്റിംഗ്, സ്റ്റാർട്ടർ കൾച്ചൽ ചേർക്കൽ, കേസിംഗ്, പിൻ ചെയ്യൽ, വിളവെടുപ്പ് എന്നിങ്ങനെ 6 ഘട്ടങ്ങളാണ് കൂൺ കൃഷിക്കുള്ളത്. കൃത്യമായ രീതിയിൽ കൂൺകൃഷി നടത്തിയാൽ വൻ ലാഭംകൊയ്യാമെന്നതിനാൽ പുതുതലമുറയെ കൂൺ കൃഷിയിലേക്ക് ആകർഷിക്കുന്നുണ്ട്.

കുറുപുഴ സീതാ കോകിലത്തിൽ ജയകുമാർ, ചൂടൽ കടമാൻകുന്ന് അഖിൽ ഭവനിൽ അഖിൽ ആന്റണി, പാലുവള്ളിയിലെ ഉമാശങ്കർ, ആലംപാറ ദ്വാരകയിലെ അനിൽകുമാർ, പച്ച ഭഗവതി വിലാസം വീട്ടിൽ അനിതകുമാരി തുടങ്ങിയവരാണ് കൂൺകൃഷിയിലെത്തിയത്. വീടിനോടുചേർന്നുള്ള അടുക്കളയിലാണ് ചെറിയ ഫാം ഒരുക്കിയത്. 18ബെഡുള്ള ഫാമാണ് ഒരുക്കിയത്.

പ്രധാന വളർത്തിനങ്ങൾ

ബട്ടൺ, ഒയസ്റ്റർ, ഇനോക്കി, ഷിക്കാറ്റോ

കൂണുകൾ

പൊട്ടാസ്യം,മിനറലുകൾ,കോപ്പർ,സെലനിയം,സിങ്ക്,മഗ്നീഷ്യം എന്നിവയാൽ ധാതുസമ്പുഷ്ടമാണ്.

കൂണിലുള്ള നാരുകൾ, പൊട്ടാസ്യം വൈറ്റമിൻസി എന്നിവ ഹൃദയരോഗ്യത്തിന് നല്ലതാണ്. ഹൃദയധമനികൾ രക്തകുഴലുകൾ എന്നിവയിലെ കൊഴുപ്പ് നീക്കാനും സഹായിക്കും. കൂൺ ശരീരത്തിലെ മെറ്റബോജിക് പ്രവർത്തനത്തെ നിയന്ത്രിച്ച് കൊഴുപ്പ് കുറയ്ക്കുന്നു.വൈറ്റമിൻഡി, കാത്സ്യം എന്നിവ അസ്ഥികൾക്കും നല്ലതാണ്.

ഫാം ഒരുക്കം

ജി.ഐ പൈപ്പിന്റെ ഘടനയിൽ, ബ്ലാക്ക് ആൻഡ് വൈറ്റ് ഷീറ്റ് കൊണ്ട് വശങ്ങൾ മറച്ചാണ് ഫാൻ ആൻഡ് പാഡ് ഫാം ഒരുക്കുന്നത്. ഇതിൽ താപനില നിയന്ത്രിക്കുന്നത് എക്‌സ്‌ഹോസ്റ്റ് ഫാനാണ്. സൂര്യപ്രകാശത്തിനുപകരം ട്യൂബ് ലൈറ്റ് പോലുള്ള കൃത്രിമ ലൈറ്റാണ് ഉപയോഗിക്കുന്നത്. തെർമോ ഹൈഗ്രോ മീറ്റർ ഉപയോഗിച്ച് ഇടയ്ക്കിടെ താപനില അളക്കുന്നു. ചൂട് 25-28 സെന്റിഗ്രേഡ് വരെയാണ് അഭികാമ്യമെന്ന് കർഷകർ പറയുന്നു.

പാൽക്കൂണും ചിപ്പിക്കൂണും

പ്രധാനമായും പാൽക്കൂണും ചിപ്പിക്കൂണുമാണ് കൃഷി ചെയ്യുന്നത്.വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നതാണ് ചിപ്പി കൂൺ. കൃഷിക്ക് ഉപയോഗിക്കുന്ന അറക്കപ്പൊടി നാലുമാസത്തിനുശേഷം വേസ്റ്റാകും. ഇത് ഉപേക്ഷിച്ച് പുതിയത് ഉപയോഗിക്കും. ഉപേക്ഷിക്കുന്ന അറക്കപ്പൊടി നല്ലൊരു വളമാണ്. ഈ വളം ഉപയോഗിച്ച് വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷിയും ചെയ്യാം.