മാലിന്യം നിറഞ്ഞ് കന്യാകുളങ്ങര മാർക്കറ്റ്
വെമ്പായം: പ്രദേശത്തെ പ്രധാന വിപണന കേന്ദ്രമായ കന്യാകുളങ്ങര മാർക്കറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായിട്ട് കാലങ്ങളായി. നിലവിൽ മാലിന്യം കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. മാർക്കറ്റിലെ മാലിന്യകൂമ്പാരം ഉയരാൻ തുടങ്ങിയതോടെ കച്ചവടക്കാർ മാർക്കറ്റിലേക്ക് പ്രവേശിക്കാതായി. നിലവിൽ കച്ചവടമെല്ലാം മാർക്കറ്റിനോട് ചേർന്നുള്ള എം.സി റോഡിനോട് ചേർന്നാണ്. നടക്കാൻ പോലും സ്ഥലമില്ലാത്ത പാതയോരത്ത് കച്ചവടം കൂടിയതോടെ കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. മാർക്കറ്റ് സമയങ്ങളിൽ ഏറെ പാടുപെട്ടാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്.
അപകട ഭീതിയും
നിരവധി വിദ്യാലയങ്ങളും കുടുംബാരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്ന ഇവിടെ നിരവധിയാത്രക്കാരാണ് കടന്നുപോകുന്നത്. റോഡ് വക്കിലെ കച്ചവടം കാരണം ഇവർ റോഡിലേക്ക് ഇറങ്ങിയാണ് നടക്കുന്നത്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
മാർക്കറ്റിന്റെ വിസ്തൃതി....... 1 ഏക്കർ
എങ്ങും മാലിന്യം മാത്രം
ഒരേക്കറോളം വരുന്ന ഇവിടെ മത്സ്യമാർക്കറ്റും പച്ചക്കറി മാർക്കറ്റും വെവ്വേറെയാണ്. നിലവിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. മീൻ, മരച്ചീനി തുടങ്ങിയ കച്ചവടക്കാരാണ് കച്ചവടം റോഡിലേക്ക് മാറ്റിയത്. മത്സ്യ മാർക്കറ്റിനുള്ളിൽ മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാലാണ് മാർക്കറ്റിനുള്ളിൽ കച്ചവടം നടത്താത്തതെന്നാണ് കച്ചവടക്കാർ പറയുന്നത്. പ്രദേശത്തെ അറവ് മാലിന്യങ്ങളും മാർക്കറ്റിൽ തള്ളുന്നതായും പരാതിയുണ്ട്.