രശ്മികയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Friday 15 August 2025 3:11 AM IST

താരങ്ങളായ രശ്മിക മന്ദാനയുടെയും രക്ഷിത് ഷെട്ടിയുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ വർഷങ്ങൾക്കുശേഷം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയത്തിന് മുൻപ് 2017ൽ ആയിരുന്നു കന്നട നടൻ രക്ഷിത് ഷെട്ടിയുടെയും രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം. 2016 ൽ കിരിക് പാർട്ടിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലാകുന്നതും. രശ്മിക അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ രക്ഷിത് ആയിരുന്നു നായകൻ. 2017 ജൂൺ 17ന് രശ്മികയ്ക്ക് വെറും 21 വയസും രക്ഷിതിന് 34 വയസും ഉള്ളപ്പോഴായിരുന്നു വിവാഹ നിശ്ചയം. ആ വർഷം തന്നെ വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ട്. 2018 സെപ്തംബറിൽ വിവാഹനിശ്ചയം റദ്ദാക്കുകയും ചെയ്തു.

രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വേർപിരിയിലിന് കാ‌രണമെന്ന് പിന്നീട് വാർത്തകൾ പരന്നു. രശ്‌മിക അഭിനയിച്ച ഗീതാ ഗോവിന്ദം 100 കോടി കളക്ഷനിൽ എത്തിയിരുന്നു. വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് നിരവധി ഓഫറുകൾ രശ്‌മികയെ തേടി എത്തി. എന്നാൽ രക്ഷിതിന്റെ കുടുംബത്തിന് രശ്മിക സിനിമയിൽ ഇനിയും തുടരുന്നത് താത്‌പര്യമില്ലെന്നും വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നുമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവത്രേ.