ധ്രുവ് വിക്രമിന്റെ നായികയായി വീണ്ടും അനുപമ പരമേശ്വരൻ, ഒപ്പം കയാദുവും കേതികയും

Friday 15 August 2025 3:13 AM IST

ധ്രുവ് വിക്രം നായകനായി രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും കയാദു ലോഹറും തെലുങ്ക് താരം കേതിക ശർമ്മയും നായികമാർ. എ.ആർ. റഹ്മാൻ സംഗീതം പകരുന്നു. കിലാഡിക്കുശേഷം രമേഷ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ നടന്നു. അതേസമയം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ധ്രുവ് വിക്രം.

ചിയാൻ വിക്രമിന്റെ മകനായ ധ്രുവ് വിക്രം അഭിനയിക്കുന്നആറാമത്തെ ചിത്രമാണ് മണിരത്‌നം സിനിമ. തെലുങ്ക് ബ്ളോക് ബസ്റ്റർ ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കായ ആദിത്യവർമ്മ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഒ.ടി.ടി റിലീസായിരുന്നു ആദിത്യവർമ്മ.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനിൽ വിക്രമിനൊപ്പം ധ്രുവ് വിക്രം അഭിനയിച്ചു. കബഡി താരമായി ബൈസൺ കാലമാടൻ ആണ് ധ്രുവ് വിക്രത്തിന്റെ പുതിയ ചിത്രം. ദീപാവലി റിലീസായി ഒക്ടോബർ 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ ആണ് നായിക. വാഴൈയ്‌ക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയൻ, ലാൽ, പശുപതി, കലൈയരശൻ, ഹരികൃഷ്ണൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കർണനുശേഷം മാരിസെൽവരാജ് ചിത്രത്തിൽ രജിഷ വിജയനും ലാലും ഒന്നിക്കുന്നു.