വാട്‌സാപ്പ്, ടെലഗ്രാം കോളുകള്‍ക്ക് നിയന്ത്രണം; റോസ്‌കോംനാഡ്സറിന്റെ  തീരുമാനത്തിന് പിന്നില്‍ നിര്‍ണായക കാരണങ്ങള്‍

Thursday 14 August 2025 7:32 PM IST

മോസ്‌കോ: മെസേജിംഗ് ആപ്പുകളായ വാട്‌സാപ്പ്, ടെലഗ്രാം എന്നിവയിലെ വോയിസ് കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് റഷ്യ. ഇക്കാര്യം റഷ്യന്‍ ഭരണകൂടം ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുക്രെയിനുമായുള്ള യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് രാജ്യത്തെ ടെലികോം വിഭാഗമായ റോസ്‌കോംനാഡ്സര്‍ പ്രതികരിച്ചു. രാജ്യത്ത് 9.5 കോടി ആളുകളാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. ഒമ്പത് കോടിക്ക് അടുത്ത് ആളുകള്‍ ടെലഗ്രാമും ഉപയോഗിക്കുന്നുണ്ട്.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരേയും സൈബര്‍ തട്ടിപ്പ് കാണിക്കുന്നവരേയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് റഷ്യ ഔദ്യോഗികമായി പ്രതികരിച്ചു. ദേശീയ സുരക്ഷ വര്‍ദ്ധിക്കുന്നതിന് പുതിയ തീരുമാനം സഹായകമാകുമെന്നാണ് റഷ്യ കരുതുന്നത്. വീഡിയോ കോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിശദീകരണമെങ്കിലും ഈ സേവനവും ലഭ്യമല്ലെന്നാണ് നിരവധി പേരുടെ ഭാഗത്ത് നിന്ന് ഉയരുന്ന പരാതി.

റഷ്യയ്ക്കുള്ളില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യുക്രെയിന്‍ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് റഷ്യ സംശയിക്കുന്നു. ഇതിനകംതന്നെ ഓണ്‍ലൈന്‍ 'മാക്സ്' എന്ന മെസേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

സുരക്ഷിതമായ ആശയവിനിമയത്തെ ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ചെറുക്കുന്നുവെന്നും അതുകൊണ്ടാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നും വാട്സ്ആപ്പ് പ്രതികരിച്ചു. തട്ടിപ്പും അക്രമത്തിനുള്ള ആഹ്വാനങ്ങളും ഉള്‍പ്പെടെയുള്ള ദോഷകരമായ ഉള്ളടക്കങ്ങള്‍ നീക്കുകയും ദുരുപയോഗം തടയുകയും ചെയ്യുന്നുണ്ടെന്ന് ടെലിഗ്രാം പറഞ്ഞു.