വാചകമടി നിർത്തിയില്ലെങ്കിൽ പാകിസ്ഥാന് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും, അസീം മുനീറിന് ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡൽഹി: അനാവശ്യമായ വാചകമടി നിർത്തിയില്ലെങ്കിൽ അടുത്തിടെ കിട്ടിയതുപോലെ മുറിവേൽക്കുന്ന തിരിച്ചടി ഇനിയും നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം. പാകിസ്ഥാന്റെ ഏത് അതി സാഹസത്തിനും കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കിയത്.
പാകിസ്ഥാൻ കരസേന മേധാവി അസീം മുനീർ മുഴക്കുന്ന വീരവാദങ്ങൾ സ്വന്തം തോൽവി മറയ്ക്കാനാണ്. സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി ഇടപെടുന്നത് അംഗീകരിക്കില്ല. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പാകിസ്ഥാൻ നിർത്തുന്നത് വരെ കരാർ റദ്ദാക്കിയ നടപടി തുടരും. അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ തുടരുമെന്നും ഇന്ത്യ അമേരിക്ക സംയുക്ത സൈനീക അഭ്യാസം അലാസ്കയിൽ ഈ മാസം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ തകർന്നാൽ പകുതി ഭൂമിയും ഒപ്പം കൊണ്ടുപോകുമെന്നും ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്നും സിന്ധു നദീ ജല കരാർ ലംഘിച്ച് ഡാം നിർമ്മിച്ചാൽ ബോംബിട്ട് തകർക്കുമെന്നുമുള്ള അസീം മുനീറിന്റെ പ്രസ്താവനയ്ക്കായിരുന്നു ഇന്ത്യയുടെ കടുത്ത മറുപടി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനുമായുള്ള സിന്ധു നദീ ജല കരാർ റദ്ദാക്കിയത്. ഏപ്രിൽ 22 നായിരുന്നു പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ വെടിവച്ച് കൊന്നത്. തൊട്ടടുത്ത ദിവസമാണ് ആദ്യ തിരിച്ചടിയെന്ന നിലയിൽ കരാർ റദ്ദാക്കി കൊണ്ട് ഇന്ത്യ ഉത്തരവിറക്കിയത്.