നാലു പേർക്ക് കീർത്തിചക്ര, 15 പേർക്ക് വീർ ചക്ര; രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു , ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചവർക്ക് ആദരം
ന്യൂഡൽഹി : രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 127 സൈനികരാണ് മെഡലുകൾക്ക് അർഹരായത്. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച സൈനികർക്ക് മൂന്ന് സൈനിക വിഭാഗങ്ങളും മെഡലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നാലുപേർക്ക് കീർത്തി ചക്ര, 15 പേർക്ക് വീർ ചക്ര, 15 പേർക്ക് ശൗര്യചക്ര പുരസ്കാരവും നൽകും, 58 പേർക്ക് ധീരതയ്ക്കുള്ള സേനാമെഡലും 26 പേർക്ക് വായുസേനാ മെഡലും ഒമ്പത് പേർക്ക് ഉദ്ദം യുദ്ധ് സേവാമെഡലും നൽകും
മലയാളിയായ നാവികസേന കമാൻഡർ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എ.എൻ .പ്രമോദിന് യുദ്ധസേവ മെഡലും നൽകും. ബി.എസ്.എഫിലെ രണ്ടുപേർക്ക് വീർചക്ര പുരസ്‌കാരം സമ്മാനിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് യുദ്ധസേവ മെഡൽ നൽകും. എയർ വൈസ് മാർഷൽ ജോസഫ് സ്വാരസ്, എ..വിഎം പ്രജ്വൽ സിംഗ്, എയർ കമാൻഡർ അശോക് രാജ് താക്കൂർ എന്നിവർക്കാണ് പുരസ്‌കാരം. ഇവർക്ക് പുറമെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാർക്കും യുദ്ധ സേവ മെഡൽ നൽകും.ഒമ്പത് വ്യോമസേന പൈലറ്റുമാർക്ക് വീർ ചക്ര സമ്മാനിക്കും. കരസേനയിൽ രണ്ടുപേർക്ക് സർവോത്തം യുദ്ധസേവാ മെഡലും നാലുപേർക്ക് കീർത്തിചക്ര പുരസ്‌കാരവും നൽകും.