തകർന്നടിഞ്ഞ് പവ്വത്തൂർ തോട്ടുംപുറം റോഡ്
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്കുള്ള ആയിരക്കണക്കിനാളുകളുടെ ആശ്രയമായ ആലുമ്മൂട് പവ്വത്തൂർ തോട്ടുംപുറം റോഡ് തകർന്ന് തരിപ്പണമായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. നന്ദിയോട്, തൊളിക്കോട്, ആനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. അശാസ്ത്രീയമായ ടാറിംഗിനെ തുടർന്ന് റോഡിലുണ്ടായ വെള്ളക്കെട്ടുകളാണ് വലിയ കുഴികളായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും ബുദ്ധിമുട്ടായി. തോട്ടുംപുറം മുതൽ കിടാരക്കുഴി വരെയുള്ള പ്രദേശമാണ് പൂർണ്ണമായും തകർന്ന നിലയിൽ. മഴക്കാലം തുടങ്ങിയതോടെ റോഡുകളിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴികൾ തിരിച്ചറിയാൻ പറ്റാത്ത രീതിയിലാകും. പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജനയിലുൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്താണ് വർഷങ്ങൾക്കു മുമ്പ് റോഡ് നവീകരിച്ചത്. തോടുംപുറം ഭാഗത്ത് 500 മീറ്ററോളം റോഡിൽ കുഴികൾ മാത്രമാണുള്ളത്. കിടാരക്കുഴി,ഒൻപതേക്കർ കോളനി തുടങ്ങിയ മേഖലകളിലേക്കുള്ള ഏക ആശ്രയമായ റോഡാണിത്. അടിയന്തരമായി റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.