വിതുര ഗവ.സ്കൂളിൽ കുട്ടിപ്പൊലീസിന്റെ അഡ്വഞ്ചർ സ്പോർട്സ് ഹബ്

Friday 15 August 2025 1:29 AM IST

വിതുര: സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിശീലനം രസകരവും ആയാസ രഹിതവുമാക്കുന്നതിനായി വിതുര ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേ‌ഡറ്റുകൾ അഡ്വഞ്ചർ സ്പോർട്സ് ഹബ് സജ്ജമാക്കി. വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. വിതുര പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്പോർട്സ് ഹബ് തയ്യാറാക്കിയത്. സംസ്ഥാനത്തെ എസ്.പി.സി യൂണിറ്റുകളിലെ ഇത്തരത്തിലുള്ള ആദ്യത്തെ സ്‌പോർട്സ് ഹബ് കൂടിയാണിത്.

കുട്ടികൾക്കായി ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ മേജർ ഗയിമുകൾക്കൊപ്പം ഫ്രിസ്‌ബി, ടെന്നികോ തുടങ്ങി നിരവധി മൈനർ ഗെയിമുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. കായിക ക്ഷമത പരിശീലനത്തിനായി ഒബ്‌സ്റ്റക്കിൾ ട്രെയിനിംഗും ലഭിക്കും. ഇതിനാവശ്യമായ ക്ലൈമ്പിംഗ് റോപ്പ്, ഹഡിൽസ്,ലാഡർ തുടങ്ങിയവയും അഡ്വഞ്ചർ സ്പോർട്സ് ഹബിൽ സജ്ജമാക്കിയിട്ടുണ്ട്. യോഗ, സുംബ പരിശീലനവും നൽകും. ഉദ്ഘാടന യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഷീജ.വി.എസ്, എസ്.എം.സി ചെയർമാൻ എ.സുരേന്ദ്രൻ, പി.ടി.എ അംഗം നിജിലാൽ, എസ്.പി.സി ഓഫീസർമാരായ പ്രിയ.ഐ.വി.നായർ, അൻവർ.കെ, രാഹുൽ ദീപ്, അനീസ എന്നിവർ പങ്കെടുത്തു.