യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: 4 പേരെ അറസ്റ്റുചെയ്തു

Friday 15 August 2025 1:49 AM IST

അങ്കമാലി: ഇരുതലമൂരിയുടെ വില്പനയുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ പിടിയിൽ. തിരുവല്ല കവിയുർ പാറയിൽ പുന്തറയിൽ ആകാശ് (22), തിരുവല്ല മാനച്ചാച്ചിറ പള്ളിക്കാമിറ്റം ജിതിൻ ( 23), തിരുവല്ല യമുനാനഗർ ദർശനയിൽ സ്റ്റാൻ (29), തിരുവല്ല കുന്ന് ബംഗ്ലാവിൽ രഞ്ജിത് (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്.

സ്റ്റാൻ

കഴിഞ്ഞ രണ്ടാംതീയതിയാണ് സംഭവം. കച്ചവടത്തിലെ തർക്കത്തെത്തുടർന്ന് എളവൂരിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. സംഘം പലനമ്പറുകളിൽനിന്ന് യുവാവിന്റെ വീട്ടിലേക്ക് വിളിച്ച് പണം ആവശ്യപ്പെട്ടു. 3പവന്റെ മാലയും ഫോണും തട്ടിയെടുത്തു. അക്കൗണ്ടിലുണ്ടായ തുക ട്രാൻസ്ഫർ ചെയ്യിച്ചു. പ്രതികളെ പിന്തുടർന്നതിനാൽ യുവാവിനെ മർദ്ദിച്ച് രാത്രിവൈകി തിരുവല്ലയിൽ ഉപേക്ഷിച്ചു. പിന്നീട് പ്രതികൾ ഒളിവിൽപ്പോയി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പോത്തൻകോട് നിന്നാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ചോദ്യം ചെയ്യലിൽ രഞ്ജിത്തിന്റെ വീട്ടിൽ രണ്ട് ഇരുതല മൂരികൾ ഉണ്ടെന്ന് സമ്മതിച്ചു. റാന്നി ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അവർ ഇരുതലമൂരികളെ കസ്റ്റഡിയിലെടുത്തു.

ജിതിൻ

ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ ബേബി ബിജു, പ്രദീപ്കുമാർ, എ.എസ്.ഐമാരായ നവീൻദാസ്, സുധീഷ്, സി.പി.ഒമാരായ അജിത തിലകൻ, മുഹമ്മദ്‌ ഷെരീഫ്, സി.പി ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ആകാശ്