എട്ടു കിലോമീറ്രർ റോഡ്, എട്ടിന്റെ പണി നാട്ടുകാർക്ക്

Friday 15 August 2025 12:59 AM IST

പൊൻകുന്നം : പൊതുജനത്തെ പറ്റിക്കുന്നു എന്ന് പറയാറുണ്ട്. പി.ഡബ്ല്യു.ഡി വക പൊൻകുന്നം - കപ്പാട് റോഡിന്റെ കാര്യത്തിൽ സംഭവിച്ചതും അതാണ്. റോഡ് പണി തുടങ്ങിയിട്ട് എട്ടുമാസത്തോളമായി.എന്നാൽ വഞ്ചി തിരുനക്കരെ തന്നെ എന്നു പറഞ്ഞ അവസ്ഥയിലാണ് റോഡിന്റെ കിടപ്പ്. ഇപ്പ ശരിയാക്കുമെന്ന് പറഞ്ഞവർ റോഡിലേക്ക് തിരിഞ്ഞുനോക്കുന്നില്ല. റോഡ് തകർന്നിട്ട് എട്ട് വർഷമായി.രണ്ടാംഘട്ടം പണി തുടങ്ങിയത് എട്ടുമാസം മുൻപ് ആരംഭിച്ചെങ്കിലും എങ്ങുമെത്തിയില്ല. പൊൻകുന്നം - പാലാ റോഡിൽനിന്ന് തുടങ്ങി തമ്പലക്കാട് വഴി കപ്പാട് അവസാനിക്കുന്നതാണ് പാത.പൊൻകുന്നത്തുനിന്ന് തുടങ്ങുന്ന ഒരു കിലോമീറ്റർ ദൂരം ടാറിംഗ് പൂർത്തിയാക്കി. ബാക്കിവരുന്ന ഏഴ് കിലോമീറ്റർ എന്തൊക്കെയോ കാട്ടിക്കൂട്ടി. ചിലയിടത്ത് കുഴി, ചിലയിടത്ത് ഇളകിയ മെറ്റൽ. ഇടവിട്ട് കുറച്ച് ഭാഗങ്ങൾ ടാർ ചെയ്ത് അധികൃതർ തടിതപ്പി.

കോടികൾ അനുവദിക്കുന്നുണ്ട് പദ്ധതിക്കായി സംസ്ഥാനബഡ്ജറ്റിൽ 2023 ൽ ഒരുകോടിയും, 2024 ൽ 1.75 കോടിയും അനുവദിച്ചതാണ്. ബാക്കി തുക പി.ഡബ്ല്യു.ഡിയുടെ തനതുഫണ്ടിൽ നിന്ന് ചെലവഴിക്കുമെന്നുമാണ് എട്ടുമാസം മുമ്പ് പണി തുടങ്ങുമ്പോൾ അറിയിച്ചത്. എന്നാൽ ഒന്നും നടന്നില്ല. നിരത്തിയ മെറ്റൽ പെരുമഴയത്ത് ഒഴുകിപ്പോയി. കുഴികളും കിടങ്ങുകളും വലുതായി. കാൽനടപോലും ദുഷ്‌ക്കരമായി. ഒരുവശം മാത്രം ടാർ ചെയ്ത ഭാഗത്ത് കഴിഞ്ഞ ആഴ്ചയിലും കാറുകൾ കൂട്ടിയിടിച്ചു. നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പണി മുടങ്ങാൻ കാരണമെന്നാണ് കരാറുകാരൻ നാട്ടുകാരെ അറിയിച്ചത്.

ഇനി ഞങ്ങൾ എങ്ങനെ പോകും

രണ്ട് സർവീസ് ബസുകൾ ഓട്ടം നിറുത്തി

സ്‌കൂൾ ബസുകൾ ഇതുവഴി വരാതായി

ഓട്ടോറിക്ഷകളും ടാക്സികളും ഓട്ടംവരില്ല

ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

''നാട് നന്നാകണമെങ്കിലും റോഡ് നന്നാകണമെങ്കിലും ജനപ്രതിനിധികളും രാഷ്ട്രീയകക്ഷികളും ആത്മാർത്ഥതയോടെ ഇടപെടണം. ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് റോഡ് നിർമ്മാണ സമരസമിതി രൂപീകരിച്ച് പ്രതിഷേധിക്കുന്നുണ്ട്. അതുപോര, പ്രതിഷേധം ശക്തമാക്കണം. കെ.എസ്.ബാബു, കല്ലുവേലിൽ തമ്പലക്കാട്.